
ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറോളം പേരുടെ മരണത്തിനിടയാക്കിയ ദാരുണമായ സംഭവത്തിൻ്റെ നടുക്കം വിട്ടുമാറാതെ ദൃക്സാക്ഷികൾ.
പൊലീസ് ഉദ്യോഗസ്ഥർ കവാടം തുറന്നയുടൻ ഭക്തർ ടോക്കണുകൾക്കായി തിരക്കുകൂട്ടിയെന്നും, ഇതിന് മുൻപ് ടോക്കൺ എടുക്കേണ്ട സമ്പ്രദായം ഇല്ലായിരുന്നുവെന്നും ദർശനത്തിനെത്തിയ ഭക്തരിലൊരാൾ പ്രതികരിച്ചു. വൻ ജനത്തിരക്കാണ് ഉണ്ടായതെന്നും, സന്ദർശനത്തിെയ 20 പേരടങ്ങിയ കുടുംബത്തിൽ ആറ് പേർക്കും പരുക്കേറ്റതായും അവർ പ്രതികരിച്ചു.
തിരുമല തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപ്പെട്ട് ആറ് പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരുപ്പതിയിലുണ്ടായത് അതീവ ദുഃഖകരമായ സംഭവമാണെന്നും, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിക്കുന്നതായും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. പരുക്കേറ്റവർ ഉടൻ തന്നെ സുഖം പ്രാപിക്കട്ടെയെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. മരിച്ച ആറ് പേർക്കും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും അനുശോചനം രേഖപ്പെടുത്തി.
ആയിരക്കണക്കിന് ഭക്തരാണ് ഏകാദശി ദർശനത്തിന് ടോക്കണെടുക്കാൻ ക്ഷേത്രത്തിലെത്തിയിരുന്നത്. രാവിലെ മുതൽ തിരുപ്പതിയിലെ ടിക്കറ്റ് കൗണ്ടറുകളില്‍ ഭക്തജനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. പുലർച്ചെ അഞ്ചുമണിക്ക് വിതരണം ചെയ്യാനിരുന്ന ടോക്കണുകൾക്കായാണ് ഭക്തജനങ്ങൾ ക്യൂവിൽ നിന്നത്. കൂപ്പണ്‍ വിതരണ കൗണ്ടറിന് മുന്നിലേക്ക് ആളുകള്‍ ഉന്തിത്തള്ളി കയറിയതോടെയാണ് അപകടമുണ്ടായത്. തിരക്ക് നിയന്ത്രിക്കാൻ കഴിയാഞ്ഞത് അപകടത്തിൻ്റെ ആഘാതം കൂട്ടുകയായിരുന്നു.