
റൂം വേണമെങ്കിൽ ഇനി മുതൽ വിവാഹ സർട്ടിഫിക്കറ്റ് കാണിക്കണമെന്ന നിർദേശവുമായി ഓൺലെൻ ഹോട്ടൽ ബുക്കിങ്ങ് ആപ്പായ ഓയോ. നിർദേശം ഉടൻ നടപ്പാക്കണമെന്നും ഓയോ അറിയിച്ചു. ഇതിൻ്റെ ഭാഗമായുള്ള ആദ്യ ഘട്ടം യുപിയിലെ മീററ്റിലാണ് നടപ്പിലാക്കുക. ഇതിനുള്ള നടപടികൾ സ്വീകരിക്കാൻ ഹോട്ടൽ ഉടമകൾക്ക് ഓയോ നിർദേശം നൽകിയിട്ടുണ്ട്. സാമൂഹിക ഉത്തരവാദിത്തത്തിൻ്റെ ഭാഗമായാണ് നടപടിയെന്നാണ് ഓയോ നൽകുന്ന വിശദീകരണം. ഇത് കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.
പുതുക്കിയ നയം അനുസരിച്ച്, ചെക്ക്-ഇൻ സമയത്ത്, എല്ലാ ദമ്പതികളോടും വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദേശം. അല്ലാത്ത പക്ഷം ബുക്കിങ്ങ് റദ്ദാക്കാനും ഹോട്ടലുകൾക്ക് ഓയോ അധികാരം നൽകിയിട്ടുണ്ട്.
സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ആതിഥ്യ മര്യാദകൾ ഉയർത്തിപ്പിടിക്കാൻ ഓയോ പ്രതിജ്ഞാ ബദ്ധരാണ്. ഇതിനാണ് പുതിയ മാറ്റങ്ങൾ കൊണ്ടു വരുന്നതെന്ന് ഓയോയുടെ നോർത്ത് ഇന്ത്യ റീജിയൻ ഹെഡ് പവാസ് ശർമ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. ഉപഭോക്തൃ വിശ്വസ്തത വർധിപ്പിക്കാനും ആവർത്തിച്ചുള്ള ബുക്കിങ്ങുകൾ പ്രോത്സാഹിപ്പിക്കാനും പ്രോഗ്രാം ലക്ഷ്യമിടുന്നതായും അധികൃതർ അറിയിച്ചു.