വിദ്വേഷ പരാമർശക്കേസ്: പി. സി. ജോർജിന് ജാമ്യം

പിസിയുടെ ആരോഗ്യനില പരിഗണിച്ചാണ് കോടതി കർശന ഉപാധികളോടെ ജാമ്യം നൽകിയത്
വിദ്വേഷ പരാമർശക്കേസ്:  പി. സി. ജോർജിന് ജാമ്യം
Published on

ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി.സി. ജോർജിന് ജാമ്യം. ഈരാറ്റുപേട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പിസിയുടെ ആരോഗ്യനില പരിഗണിച്ചാണ് കോടതി കർശന ഉപാധികളോടെ ജാമ്യം നൽകിയത്.

ഭരണഘടനയുടെ ആമുഖത്തെ നിഷേധിക്കുന്ന പരാമർശമാണ് പി.സി. ജോർജ് നടത്തിയത് എന്നായിരുന്നു പരാതിക്കാരൻ്റെ ആരോപണം. പിസിയുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിർമിച്ചതെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. അങ്ങനെയെങ്കിൽ ഡോക്ടർക്കെതിരെ കേസ് എടുക്കണ്ടേയെന്നായിരുന്നു കോടതിയുടെ ചോദ്യം.

ജാമ്യാപേക്ഷയെ എതിർത്ത പരാതിക്കാരൻ, പിസി ജോർജ് ജാമ്യത്തിൽ ഇറങ്ങിയാൽ കുറ്റം ആവർത്തിക്കും എന്നും വാദിച്ചു. എന്നാൽ ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവാണ് കോടതി പുറത്തിറത്തിറക്കിയത്. മതസ്പർധ വളർത്തൽ, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഈരാറ്റുപേട്ട പൊലീസ് പി.സി. ജോർജിനെതിരെ കേസെടുത്തിരുന്നത്. ഇന്ത്യയിലെ മുസ്ലിങ്ങളെല്ലാം മതവർഗീയവാദികളാണെന്ന് പറഞ്ഞ പി.സി. ജോർജ് ഇവർ പാകിസ്ഥാനിലേക്ക് പോകണമെന്നും പറഞ്ഞിരുന്നു. ഇതോടെ പ്രസ്താവന വലിയ വിവാദമായി.



ജാമ്യം ലഭിച്ചതിന് പിന്നാലെ വിധിയിൽ സന്തോഷമുണ്ടെന്ന് അഡ്വ: ഷോൺ ജോർജ് പ്രതികരിച്ചു. മെഡിക്കൽ കോളേജിൽ നിന്ന് സ്ഥിരമായി ചികിത്സിക്കുന്ന മറ്റൊരു ആശുപത്രിയിലേക്ക് മാറ്റും. ഈരാറ്റുപേട്ടയെ ഇന്നത്തെ ഈരാറ്റുപേട്ട ആക്കിയത് പി. സി. ജോർജാണ്. രാജ്യവിരുദ്ധ ശക്തികളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പിസി സ്വീകരിക്കുന്നത്. തീവ്രവാദ ഇടപെടലുകൾ ചൂണ്ടിക്കാട്ടാൻ ഒരു പൊതുപ്രവർത്തകന് അവകാശമുണ്ടെന്നും ഷോൺ ജോർജ് പറഞ്ഞു.



വഖഫ് വിഷയത്തിൽ ഉൾപ്പെടെ പിസി എടുത്ത നിലപാട് തീവ്രവാദ ശക്തികൾക്ക് വലിയ അസ്വസ്ഥത ഉണ്ടാക്കി. അദ്ദേഹം ഉപയോഗിച്ച ഭാഷ രാജ്യത്തെ സ്നേഹിക്കുന്ന മുസ്ലിം വിഭാഗത്തിന് ദുഃഖം ഉണ്ടാക്കിയെങ്കിൽ നിരുപാധികം മാപ്പ് ചോദിച്ചതാണ്. മകനെന്ന നിലയിൽ പരാതിക്കാരോട് നന്ദി പറയുന്നുവെന്നും ഷോൺ ജോർജ് പറഞ്ഞു.


കേസുണ്ടായത് കൊണ്ടാണ് അറിയാതെ പോകുമായിരുന്ന ഒരു കാർഡിയാക് പ്രശ്നം കണ്ടെത്താനായത്. ആരോഗ്യപ്രശ്നങ്ങളിൽ ആശുപത്രിയിൽ പോകാത്ത ആളാണ് തന്റെ പിതാവ്. മെഡിക്കൽ കോളേജിൽ ഏറ്റവും മികച്ച ചികിത്സയാണ് ലഭിച്ചത്. മകനെന്ന നിലയിൽ എസ്‌ഡിപിഐയ്ക്കും, മുസ്ലിം ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും ആ കാര്യത്തിൽ നന്ദി പറയുന്നുവെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com