പരോള്‍ നല്‍കിയത് മഹാ അപരാധമാണോ?; കൊടി സുനിക്ക് പരോള്‍ ലഭിച്ചതില്‍ പ്രതികരിച്ച് പി. ജയരാജന്‍

രോള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് പി. ജയരാജന്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
പരോള്‍ നല്‍കിയത് മഹാ അപരാധമാണോ?; കൊടി സുനിക്ക് പരോള്‍ ലഭിച്ചതില്‍ പ്രതികരിച്ച് പി. ജയരാജന്‍
Published on
Updated on


കൊടി സുനിക്ക് പരോള്‍ നല്‍കിയത് മഹാ അപരാധമാണോ എന്ന് പി. ജയരാജന്‍. പ്രതികളെ പേടിച്ചാണ് സര്‍ക്കാര്‍ പരോള്‍ നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. സുനിക്ക് പരോള്‍ ലഭിക്കുമ്പോള്‍ മാത്രം എന്തിനാണ് വിവാദം എന്ന ചോദ്യവുമായി സുനിയുടെ കുടുംബം രംഗത്തെത്തി. അതിനിടെ കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശനത്തില്‍ സിപിഐഎം നേതാക്കള്‍ പങ്കെടുത്തതും വിവാദമായി.

കൊടി സുനിയുടെ പരോളിന് പിന്നാലെ സിപിഎമ്മിന്റെ ക്രിമിനല്‍ ബന്ധം വീണ്ടും ചര്‍ച്ചയാവുകയാണ്. പരോള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് പി. ജയരാജന്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

പരോള്‍ നല്‍കിയതില്‍ എന്ത് മഹാപരാധമാണ് ഉള്ളതെന്ന് ചോദിച്ച പി. ജയരാജന്‍ പരോള്‍ നല്‍കിയത് മനുഷ്യാവകാശം പരിഗണിച്ചെന്ന് ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു. സുനിക്ക് പരോളിന് അര്‍ഹതയുണ്ടെന്നും ജയരാജന്‍ പറഞ്ഞു. ടി.പി. കേസിലെ പ്രതികള്‍ സിപിഎം നേതാക്കളെ ഭീഷണിപ്പെടുത്തുന്നുവെന്നും ഇതിനാലാണ് പരോള്‍ അനുവദിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.

വിവാദങ്ങള്‍ക്കെതിരെ സുനിയുടെ കുടുംബം രംഗത്തെത്തി. പരോള്‍ റദ്ദാക്കരുതെന്ന് കുടുംബം ആവശ്യപ്പെട്ടു. ടി.പി കേസിലെ മറ്റ് പ്രതികള്‍ക്ക് പരോള്‍ ലഭിക്കുന്നു.സുനിക്ക് പരോള്‍ ലഭിക്കുമ്പോള്‍ മാത്രമാണ് വിവാദമാകുന്നത് എന്നും സുനിയുടെ അമ്മയും സഹോദരിയും പറഞ്ഞു.

അതിനിടെ കൊലക്കേസ് പ്രതിയുടെ ഗൃഹ പ്രവേശനചടങ്ങില്‍ സിപിഎം നേതാക്കളും ടി.പി കേസ് പ്രതി മുഹമ്മദ് ഷാഫിയും പങ്കെടുത്തതും വിവാദമാവുകയാണ്. വടക്കുമ്പാട് നിഖില്‍ വധക്കേസ് പ്രതി ശ്രീജിത്തിന്റെ ഗൃഹപ്രവേശനത്തിലാണ് എം.വി. ജയരാജന്‍, പി. ജയരാജന്‍ എന്നിവര്‍ പങ്കെടുത്തത്. ടി.പി കേസ് പ്രതി മുഹമ്മദ് ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി എന്നിവരും ചടങ്ങിനെത്തിയിരുന്നു. മുന്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയും ഗൃഹ പ്രവേശനത്തിന് ആശംസ നേര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com