
കേരളത്തിൽ നിന്ന് ഐഎസിലേക്ക് റിക്രൂട്ട്മെൻ്റ് നടന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജൻ. പൊളിറ്റിക്കൽ ഇസ്ലാം വലിയ പ്രശ്നമാകുന്നുവെന്നും അത് യുവാക്കളെ ഭീകരവാദത്തിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നിന്നുൾപ്പെടെ ഇത്തരത്തിൽ യുവാക്കൾ വഴിതെറ്റിയത് ഗുരുതരമെന്നും പ്രാദേശിക ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
കണ്ണൂരിൽ നിന്നുൾപ്പെടെ പൊളിറ്റിക്കൽ ഇസ്‌ലാമിൻ്റെ സ്വാധീനത്തിൽ യുവാക്കൾ വഴിതെറ്റി പോയിട്ടുണ്ട്. ഇത് ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. ബാബറി മസ്ജിദ് തകർത്തത് ചിലരിലെങ്കിലും തീവ്ര നിലപാട് രൂപപ്പെടാൻ കാരണമായിട്ടുണ്ട്. ഐഎസ് റിക്രൂട്ട്മെൻ്റ് കേരളത്തിൽ നിന്ന് നടന്നത് ഇതിൻ്റെ ഭാഗമായിക്കൂടിയാണ്. മത രാഷ്ട്രത്തിലേ ജീവിക്കാൻ പറ്റൂ എന്ന സന്ദേശത്തിൽ ചിലർ സ്വാധീനിക്കപ്പെട്ടുവെന്നും ജയരാജൻ പറഞ്ഞു.
പൊളിറ്റിക്കൽ ഇസ്ലാമും മുസ്ലീം രാഷ്ട്രീയവും രണ്ടാണ്. മുസ്ലീം സംഘടനകളിലെ അധികാര മോഹവും അവസരവാദവും പൊളിറ്റിക്കൽ ഇസ്ലാമിൻ്റെ വളർച്ചയിൽ സ്വാധീനശക്തിയായി. സുന്നി സംഘടനകൾ ഒരു പരിധി വരെ പ്രതിരോധം സൃഷ്ടിച്ചെങ്കിലും ജമാ-അത്തെ ഇസ്‌ലാമിയും, പോപ്പുലർ ഫ്രണ്ടും ഇത്തരക്കാർക്ക് പ്രചോദനമായെന്നും ജയരാജൻ പറഞ്ഞു. തൻ്റെ പുറത്തിറങ്ങാൻ പോകുന്ന പുസ്തകത്തിൽ ഈ വിഷയത്തിൽ കൂടുതൽ വിശദാംശങ്ങൾ നല്‍കുന്നുണ്ടെന്നും ജയരാജൻ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് കാലത്ത് പൊളിറ്റിക്കൽ ഇസ്ലാമുമായി ബന്ധപ്പെട്ട ചിലകാര്യങ്ങൾ ഉണ്ടായെന്നും ഇത് കൂടി പുസ്തകത്തിൽ ഉൾപ്പെടുത്തിയെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
ജയരാജൻ എഴുതുന്ന പുസ്തകവുമായി ബന്ധപ്പട്ട മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് പരാമർശം. ബാബറി മസ്ജിദ് തകർത്തതിന് ശേഷം ചിലരിലെങ്കിലും തീവ്ര നിലപാടുണ്ടാക്കി. ലോകത്താകെ ഇസ്ലാമിക തീവ്രവാദം വർധിപ്പിക്കുകയാണ്. ഇതിൻ്റെ ഭാഗമായാണ് കേരളത്തിൽ കണ്ണൂർ, കാസർകോഡ് ജില്ലകളിൽ നിന്നുള്ള യുവാക്കൾ ഐഎസിലേക്ക് പോകുന്നത്.
"മത രാഷ്ട്രത്തിലേ ജീവിക്കാൻ പറ്റൂ എന്ന സന്ദേശത്തില്‍ ചിലർ സ്വാധീനിക്കപ്പെട്ടു. മുസ്ലീം സംഘടനകളിലെ അധികാര മോഹവും അവസരവാദവും സ്വാധീനശക്തിയായി. സുന്നി സംഘടനകൾ ഒരു പരിധി വരെ പ്രതിരോധം സൃഷ്ടിച്ചു. എന്നാൽ ജമാ-അത്തെ ഇസ്‌ലാമിയും, പോപ്പുലർ ഫ്രണ്ടും ഇത്തരക്കാർക്ക് പ്രചോദനമായി"- ജയരാജൻ പറഞ്ഞു.