എനിക്ക് റെഡ് ആര്‍മിയുമായി ബന്ധമില്ല, സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കുമെന്ന വാര്‍ത്ത വ്യാജം: പി. ജയരാജന്‍

പാര്‍ട്ടിയുടെ സാമൂഹിക മാധ്യമങ്ങളുമായി മാത്രമേ തനിക്ക് ബന്ധമുള്ളു എന്നും ജയരാജന്‍ പറഞ്ഞു.
എനിക്ക് റെഡ് ആര്‍മിയുമായി ബന്ധമില്ല, സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കുമെന്ന വാര്‍ത്ത വ്യാജം: പി. ജയരാജന്‍
Published on

പി.വി. അന്‍വറിന് പിന്നില്‍ പവര്‍ ഗ്രൂപ്പെന്ന പ്രചാരണം തെറ്റെന്നും അത് പെയ്ഡ് ന്യൂസ് ആണെന്നും പി. ജയരാജന്‍. താന്‍ സെക്രട്ടേറിയറ്റിലേക്ക് വരും എന്നുള്ളത് വ്യാജവാര്‍ത്തയാണെന്നും പി. ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പി. ശശിയെ വര്‍ഗ വഞ്ചകനെന്ന് വിളിച്ച് പോസ്റ്റിട്ട റെഡ് ആര്‍മിയുമായി തനിക്ക് ബന്ധമില്ല. പാര്‍ട്ടിയുടെ സാമൂഹിക മാധ്യമങ്ങളുമായി മാത്രമേ തനിക്ക് ബന്ധമുള്ളു എന്നും ജയരാജന്‍ പറഞ്ഞു. അതേസമയം സര്‍ക്കാരില്‍ സമാന്തര അധികാര കേന്ദ്രം ഉണ്ടെന്ന പി.വി. അന്‍വറിന്റെ വാദത്തെയും പി. ജയരാജന്‍ തള്ളി. അത്തരം ഒരു കേന്ദ്രം ഉള്ളതായി കരുതുന്നില്ലെന്നാണ് പി. ജയരാജന്‍ പറഞ്ഞത്.

പി. ജയരാജന്റെ വാക്കുകള്‍


റെഡ് ആര്‍മിയുമായി എനിക്ക് ബന്ധിമില്ല. ഏതോ ഒരു പത്രം അങ്ങനെ എഴുതികണ്ടു. പാര്‍ട്ടിയുടെ സാമൂഹിക മാധ്യമങ്ങളുമായല്ലാതെ മറ്റൊന്നുമായും ബന്ധമില്ല. റെഡ് ആര്‍മിയുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാക്കുകയാണ്. നേരത്തെ പി.ജെ. ആര്‍മിയുമായി ബന്ധമുണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. അതുമായി എനിക്ക് ബന്ധമില്ലെന്ന് ഇപ്പോള്‍ പൊതുവെ അംഗീകരിക്കപ്പെട്ടു. ഇപ്പോള്‍ പുതിയ പ്രചരണം ആരംഭിച്ചിരിക്കുകയാണ്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ ഇങ്ങനെ തെറ്റിദ്ധാരണ പരത്താന്‍ വേണ്ടി പല ശ്രമങ്ങളും നടത്തുന്നുണ്ട്.

ഒരു മാധ്യമം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത് ഞാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടും എന്നാണ്. ഇവിടെ ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങിയിട്ടേ ഉള്ളു. അപ്പോഴേ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ആളുകള്‍ വരുന്നു എന്ന നിലയ്ക്ക് എന്റെ പേരുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അത്തരം വ്യാജ വാര്‍ത്തകളൊന്നും പ്രബുദ്ധരായ ഇടതുപക്ഷ അനുഭാവികളായുള്ള ആളുകളില്‍ വിലപ്പോവില്ല.

പൊലീസ് സേനയെ സംബന്ധിച്ച് ചില പരാതികള്‍ വന്നപ്പോള്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി തന്നെ അതുസംബന്ധിച്ച് നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. അതുപോലെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഭരണ നേതൃത്വവും പാര്‍ട്ടി നേതൃത്വവും നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ കൂടുതലൊന്നും പറയുന്നില്ല.

സര്‍ക്കാരില്‍ സമാന്തര അധികാര കേന്ദ്രമുണ്ട് എന്നൊന്നും വിശ്വസിക്കുന്നില്ല. അതുസംബന്ധിച്ച് പാര്‍ട്ടിയും സര്‍ക്കാരുമെല്ലാം കൃത്യമായി പറഞ്ഞിട്ടുണ്ട്. അതെല്ലാം ശരിയായ കാര്യമാണ്. അതാണ് സമൂഹം അംഗീകരിക്കേണ്ടത്. പല മാധ്യമ പ്രചരണങ്ങളും നടക്കുന്നുണ്ട്. സിപിഎം ജനാധിപത്യമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. ആ പാര്‍ട്ടിയുടെ കരുത്തിനെ ശരിയായി മനസിലാക്കാതെ ചില വലതുപക്ഷ മാധ്യമങ്ങള്‍ പാര്‍ട്ടി അനുഭാവികള്‍ക്കിടയിലും മറ്റും ആശയക്കുഴപ്പം സൃഷ്ടിക്കാനായി ബോധപൂര്‍വ്വം വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കുന്നു. പെയ്ഡ് ന്യൂസ് ആണ്. അത്തരത്തില്‍ പല വ്യാജവാര്‍ത്തകളും വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഓരോ വാര്‍ത്തകളോടായി പ്രത്യേകം പ്രതികരിക്കേണ്ട ആവശ്യമില്ല.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com