
പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കുന്നില്ലെന്ന വാർത്തകളിൽ പ്രതികരണവുമായി മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പി.കെ. ശശി. ഉപതെരഞ്ഞെടുപ്പിൽ പങ്കെടുക്കാതെ മുങ്ങി നടക്കുന്നു എന്ന് പറയുന്നത് എന്തിനാണ്. ആരുടെയും ശത്രുവല്ല. മാധ്യമങ്ങൾ വെറുതെ വിഷയങ്ങൾ ഉണ്ടാക്കുകയാണെന്നും, മാധ്യമങ്ങളോട് ഇതൊന്നും ബോധിപ്പിക്കേണ്ട ആവശ്യമില്ലെന്നും പി. കെ. ശശി പറഞ്ഞു. പ്രചരണ പരിപാടിയിൽ താൻ പങ്കെടുക്കും എന്നത് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്തേക്ക് പോകാനുള്ള പാർട്ടി അനുവാദം ഇതുവരെ ലഭിച്ചിട്ടില്ല. പാർട്ടി പോകാൻ പറഞ്ഞാൽ വിദേശത്ത് പോകും. സർക്കാർ അനുമതിക്ക് പുറമേ പ്രസ്ഥാനത്തിന്റെ അനുമതിയും വേണം. തെരഞ്ഞെടുപ്പിൽ നിന്നും മാറി നിൽക്കാനുള്ള പദ്ധതിയാണ് ഈ വിദേശത്തേക്ക് പോക്ക് എന്ന വ്യാഖ്യാനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരു നീക്കത്തിന്റെയും ഭാഗമല്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് തന്നെ വിദേശത്തേക്ക് പോകുന്നത് തീരുമാനിച്ചതാണെന്നും പി.കെ. ശശി വ്യക്തമാക്കി.
സരിന് അനുകൂലമായി പ്രവർത്തിക്കാൻ താല്പര്യമില്ലാത്തതുകൊണ്ട് താൻ മാറി നിൽക്കുന്നു എന്ന് ചില മാധ്യമങ്ങൾ പറഞ്ഞു പരത്തുന്നു. അത് തെറ്റാണ്. പ്രതിപക്ഷം ഇത്തരം ആരോപണങ്ങൾ പറഞ്ഞത് തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. വിവരമില്ലാത്ത ആളുകൾ പറയുന്നതിന് താൻ എന്തിനു മറുപടി പറയണമെന്നും അദ്ദേഹം ചോദിച്ചു. ആരോപണങ്ങൾ പറയാൻ വേണ്ടി താൻ അത്ര വലിയ കഥാപാത്രം അല്ല. സരിൻ നല്ല നേതാവാണ്. സരിന്റെ പൊതു കാഴ്ചപ്പാടുകളോട് യോജിപ്പ് മാത്രം. ഞങ്ങളുടെ തീരുമാനം 100% ശരിയെന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ മനസ്സിലാകുമെന്നും പി.കെ. ശശി പറഞ്ഞു.
അന്താരാഷ്ട്ര വാണിജ്യമേളയിൽ പങ്കെടുക്കാനാണ് പി.കെ. ശശിക്ക് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ബ്രിട്ടൻ, ജർമനി തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാനാണ് അനുമതി. നവംബർ മൂന്ന് മുതൽ 16 വരെയാണ് പി.കെ. ശശിയുടെ വിദേശയാത്ര. അടുത്ത മാസം 5,7 തിയതികളിൽ ലണ്ടനിലും 12, 14 തിയതികളിൽ ജർമനിയിലും ആണ് പരിപാടികൾ നടക്കുന്നത്. കേരള ടൂറിസത്തെ വിദേശ മാർക്കറ്റുകളിൽ പരിചയപ്പെടുത്തുകയാണ് യാത്രയുടെ ലക്ഷ്യം.