
എഡിഎമ്മിൻ്റെ മരണത്തിൽ ആരോപണവിധേയായ കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വിധി. തലശ്ശേരി സെഷൻസ് കോടതിയാണ് നാളെ വിധി പറയുക. മുൻകൂർ ജാമ്യം ലഭിക്കാതെ ദിവ്യ പൊലീസിന് മുന്നിൽ എത്തില്ലെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു.
അതേസമയം കൈക്കൂലി ആരോപണത്തിൽ പരാതിക്കാരനായ ടി.വി. പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അതിന് ശേഷം ഒളിവിൽ കഴിയുന്ന ദിവ്യയെ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ആദ്യം ദിവ്യ കീഴടങ്ങുമെന്ന തരത്തിൽ സൂചനകൾ പുറത്തുവന്നിരുന്നെങ്കിലും, പിന്നീട് ജാമ്യാപേക്ഷ പരിഗണിച്ചതിന് ശേഷം മാത്രമേ കീഴടങ്ങുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ നടത്തുകയുള്ളൂവെന്ന വിവരം പുറത്തു വന്നത്.
യാത്രയയപ്പ് ചടങ്ങിൽ ആത്മഹത്യക്ക് കാരണമാകുന്ന പരാമർശങ്ങൾ ഇല്ലെന്ന് ദിവ്യ കോടതിയിൽ വാദിച്ചു. പൊതുപ്രവർത്തക എന്ന നിലയിൽ അഴിമതിക്കെതിരായ നിലപാടിൻ്റെ ഭാഗമായാണ് നവീൻ ബാബുവിനെതിരായ ആരോപണം പരസ്യമായി ഉന്നയിച്ചതെന്നും പി.പി. ദിവ്യ കോടതിയിലും വ്യക്തമാക്കിയിരുന്നു. പത്താം തരത്തിൽ പഠിക്കുന്ന മകളും രോഗിയായ പിതാവും ഉണ്ടെന്നും സ്ത്രീയെന്ന പരിഗണന നൽകി ജാമ്യം വേണമെന്നും ദിവ്യ വാദിച്ചു. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ തയ്യാറെന്നും ദിവ്യയുടെ അഭിഭാഷകൻ പറഞ്ഞു.
ദിവ്യക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് പ്രോസിക്യുഷൻ വാദിച്ചപ്പോൾ ജാമ്യം നിഷേധിക്കുന്നത് അഴിമതിക്കെതിരെ പ്രതികരിച്ചാൽ ജയിലിൽ പോകേണ്ടി വരുമെന്ന തെറ്റായ സന്ദേശം സമൂഹത്തിന് നൽകുമെന്ന് പ്രതിഭാഗവും കോടതിയിൽ പറഞ്ഞു. കഴിഞ്ഞ മാസം 15നാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്, തലേ ദിവസം കണ്ണൂര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന, എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിലേക്ക് അപ്രതീക്ഷിതമായി വന്നെത്തിയ പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ എഡിഎം അഴിമതി നടത്തിയെന്നാണ് ആരോപണം. ഇതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് റിപ്പോര്‍ട്ട്. പി.പി. ദിവ്യയുടെ രാജിക്ക് ശേഷമുള്ള ജില്ലാ പഞ്ചായത്തിൻ്റെ ആദ്യ ഭരണസമിതി യോഗം ഇന്ന് ചേരും. ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗത്വവും ഒഴിയണമെന്ന് യുഡിഎഫ് പ്രമേയത്തിലൂടെ ആവശ്യപ്പെടും. ദിവ്യ ഒളിവിൽ തുടരുന്നതിനിടെയാണ് യോഗം നടത്തുന്നത്. കൂടാതെ ദിവ്യയെ കണ്ണൂർ സർവ്വകലാശാലാ സെനറ്റിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ചു. സെനറ്റ് അംഗം ഷിനോ. പി. ജോസാണ് കത്തയച്ചത്. സെനറ്റിൽ നിന്ന് ഒഴിവാക്കി വി സി വിജ്ഞാപനമിറക്കണമെന്ന് കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.