
നവീൻ ബാബു മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള വ്യക്തിയെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ ഗോപിനാഥ്. റവന്യു ഡിപ്പാർട്മെന്റിൽ ഉൾപ്പെടെ നവീൻ ബാബു മികച്ച പ്രവർത്തനം നടത്തിയിട്ടുണ്ട്. ആരോപണം യാത്രയയപ്പ് യോഗത്തിൽ ഉന്നയിക്കുന്നത് പക്വത ഇല്ലായ്മയാണ്. ക്ഷണിക്കാത്ത പരിപാടിയിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പങ്കെടുത്തത്.
സിപിഐ എപ്പോഴും അഴിമതി ഇല്ലാത്ത നല്ല ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കും. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ സ്ഥലം മാറ്റമെന്ന ആവശ്യത്തിന് ഒപ്പം സിപിഐ നിന്നത്. പി.പി. ദിവ്യയുടെ കാര്യത്തിൽ സിപിഎം പരിശോധന നടത്തണം. ആ പാർട്ടിയാണ് അത് അന്വേഷിക്കേണ്ടതെന്നും പി.ആർ. ഗോപിനാഥ് പറഞ്ഞു.
ഇന്ന് രാവിലെയാണ് പള്ളിക്കുന്നിലെ വീട്ടിൽ എഡിഎം നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെത്തിയ പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ എഡിഎം അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ഇതില്‍ മനം നൊന്താണ് ജീവനൊടുക്കിയതെന്നാണ് റിപ്പോര്‍ട്ട്.