നിർമല സീതാരാമന്‍റെ 'നോക്കുകൂലി' പരാമർശം: 'കേരള വിരുദ്ധ നിലപാട്'; നാട് ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് പി. രാജീവ്

നോക്കുകൂലിക്കെതിരെ പരസ്യ നിലപാട് കേരളം എടുത്തിട്ടുണ്ടെന്ന് പി. രാജീവ് വ്യക്തമാക്കി
നിർമല സീതാരാമന്‍, പി. രാജീവ്
നിർമല സീതാരാമന്‍, പി. രാജീവ്
Published on

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പരാമർശം പദവിക്ക് ചേർന്നതല്ലെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെ കേരള വിരുദ്ധ നിലപാടായേ കാണാനാകൂ. അന്ധമായ കേരളാ വിരോധത്തിനെതിരെ കക്ഷി രാഷ്ട്രീയ അതീതമായ പ്രതിഷേധം ഉയരണം. കേരളത്തിലെ കാര്യമാകില്ല , അവർക്ക് പരിചിതമായ മറ്റേതെങ്കിലും സംസ്ഥാനത്തെ കാര്യമാകും പറഞ്ഞതെന്നും പി. രാജീവ് പറഞ്ഞു. രാജ്യസഭയിലെ നിർമല സീതാരാമന്റെ നോക്കുകൂലി പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു വ്യവസായ മന്ത്രി.

നോക്കുകൂലിക്കെതിരെ പരസ്യ നിലപാട് കേരളം എടുത്തിട്ടുണ്ടെന്ന് പി. രാജീവ് വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ഒരു മന്ത്രിക്ക് എന്തുകൊണ്ടാണ് രാജി വെയ്‌ക്കേണ്ടിവന്നത് ? സന്തോഷ് ദേശ്മുഖിനെ കൊലപ്പെടുത്തിയ സംഭവത്തിലായിരുന്നു പ്രതികരണം വേണ്ടിയിരുന്നത്. കേരളത്തെ മനപൂർവം അപമാനിക്കുന്നതിനുള്ള നീക്കമാണ് കേന്ദ്രമന്ത്രി നടത്തിയത്. നാട് ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും പ്രതിപക്ഷം ഇക്കാര്യത്തിൽ സങ്കുചിത രാഷ്ട്രീയം കാണുന്നത് ശരിയല്ലെന്നും രാജീവ് പറഞ്ഞു. അന്ധമായ രാഷ്ട്രീയ വിരോധത്താൽ കേരളാ വിരുദ്ധ നിലപാട് സ്വീകരിച്ചു. കേന്ദ്രമന്ത്രി പ്രസ്താവന തിരുത്താൻ തയ്യാറാകണം. ഒരു കൂടിക്കാഴ്ച കൊണ്ട് ആരുടെയും രാഷ്ട്രീയം ഉരുകിപ്പോകില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിവെക്കുകയാണെന്നും പി. രാജീവ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം രാജ്യസഭയിലാണ് കേരളത്തിലെ സിപിഐഎമ്മിനെതിരെ ധനമന്ത്രി നിർമല സീതാരാമൻ രൂക്ഷ വിമർശനം നടത്തിയത്. കേരളത്തിൽ നോക്കുകൂലി ഉണ്ടെന്നായിരുന്ന കേന്ദ്ര ധനമന്ത്രിയുടെ പരിഹാസം. ബസിൽ നിന്ന് പെട്ടി ഇറക്കാൻ 50 രൂപയെങ്കിലും നോക്കി നിൽക്കുന്നവർക്ക് വേറെ കൂലി നൽകണം. നോക്കുകൂലി എന്ന പ്രതിഭാസം വേറെ എവിടെയും ഇല്ലെന്നും സിപിഐഎമ്മുകാരാണ് അത് പിരിക്കുന്നതെന്നും നിർമല സീതാരാമൻ ആരോപിച്ചു. അത്തരത്തിലുള്ള കമ്യൂണിസമാണ് കേരളത്തിൽ നടക്കുന്നത്. ഇതാണ് കേരളത്തിലെ വ്യവസായങ്ങളെ നശിപ്പിച്ചതെന്നും ധനമന്ത്രി വിമർശിച്ചു. രണ്ടുദിവസം മുൻപ് നൽകിയ ഇന്‍റർവ്യൂവിൽ പോലും അവിടെ നോക്കുകൂലിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറയേണ്ടി വന്നു. ഇക്കാര്യത്തെപ്പറ്റി തന്നെ പഠിപ്പിക്കേണ്ടതില്ലെന്നും താനും ഇതേ മേഖലയിൽ നിന്നുള്ള ആളാണെന്നും നിർമല സീതാരാമൻ പ്രതിപക്ഷ ആം​ഗങ്ങളോട് പറഞ്ഞു.

അതേസമയം, കേരളത്തിലെ തൊഴിലാളികളെ അധിക്ഷേപിക്കുന്ന പ്രസ്താവനയാണ് കേന്ദ്രമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നായിരുന്നു എളമരം കരീമിന്‍റെ പ്രസ്താവന. നോക്കുകൂലിയെന്ന സമ്പ്രദായം ഇന്ന് കേരളത്തിൽ ഇല്ല. ആരെങ്കിലും അതിന് തുനിഞ്ഞാൽ ഉടൻ നടപടി സ്വീകരിക്കണം. നിയമാനുസൃതമായാണ് ട്രേഡ് യൂണിയനുകൾ പ്രവർത്തിക്കുന്നതെന്നും  എളമരം കരീം പറഞ്ഞു. ജോണ്‍ ബ്രിട്ടാസ് എംപി വിഷയം രാജ്യസഭയിൽ ഉയർത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com