
അൻവറിൻ്റെ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടാല്‍ എത്ര ഉന്നതനായാലും നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി. രാജീവ്. അദ്ദേഹത്തിൻ്റെ ആരോപണങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. നിഷ്പക്ഷമായാണ് സർക്കാർ കേസന്വേഷിക്കുന്നത്. ആരോപണം വരുമ്പോൾ അതനുസരിച്ച് ഉദ്യോഗസ്ഥൻമാരെ മാറ്റിനിർത്തിയാൽ ഭരണസംവിധാനത്തിന് പ്രവർത്തിക്കാൻ സാധിക്കില്ല. ആരോപണം അടിസ്ഥാനരഹിതമാവാം, ചിലപ്പോൾ സത്യമാവാം. എത്ര ഉന്നതനാണെങ്കിലും പ്രഥമദൃഷ്ടാ അന്വേഷണം നടത്തും. തെറ്റുകാരനാണെങ്കിൽ കർക്കശ നടപടി സ്വീകരിക്കുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
സിപിഎം ജില്ലാ കമ്മിറ്റിക്ക് റിപ്പോർട്ട് കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് എ.കെ. ബാലൻ തന്നെ വ്യക്തമാക്കിയതാണ്. ഗവൺമെൻ്റിൻ്റെ മുന്നിൽ എത്തിയ പ്രശ്നങ്ങളെല്ലാം നിഷ്പക്ഷമായി അന്വേഷിക്കും. പാർട്ടിയെയും മുന്നണിയെയും സർക്കാരിനെയും ദുർബലപ്പെടുത്താനുള്ള ശ്രമമാണിത്. അതിനെ പാർട്ടി ഒറ്റക്കെട്ടായി, രാഷ്ട്രീയമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, അന്‍വറിൻ്റെ എല്ലാ ആരോപണങ്ങളും മുഖ്യമന്ത്രി തള്ളി. അന്‍വര്‍ പറഞ്ഞത് എല്‍ഡിഎഫിൻ്റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ ആണെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. മറ്റു മന്ത്രിമാരും ആരോപണങ്ങള്‍ തള്ളിക്കൊണ്ട് രംഗത്തെത്തിയിരുന്നു. എന്നാൽ താൻ പറയുന്ന കാര്യങ്ങൾ എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്ക് മാത്രം മനസിലാകത്തതെന്നും എഡിജിപി എഴുതി നൽകിയ വാറോലയാണ് മുഖ്യമന്ത്രി വായിച്ചതെന്നും അൻവറും പ്രതികരിച്ചു.