
നിയമസഭയിൽ അരങ്ങേറിയത് പ്രതിപക്ഷ നാടകമാണെന്നും, പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം യാതൊരു പ്രകോപനവുമില്ലാതെയാണെന്നും മന്ത്രി പി. രാജീവ്. മതപരവും പ്രാദേശികവുമായ വിഭജനം സൃഷ്ടിക്കാൻ ഒരു വിശാല സഖ്യം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി നുണകളുടെ നിർമിതി അവർ നടത്തിക്കൊണ്ടിരിക്കുകയാണ്. ആ നിർമിതികളുടെ തുടർച്ചയാണ് ഇന്നത്തെ അടിയന്തര പ്രമേയമെന്നും പി. രാജീവ് പറഞ്ഞു. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറം വിഷയമാണോ, പ്രതിപക്ഷ നേതാവിന്റെ പക്വതയുടെ നിലവാരമാണോ സഭ ചർച്ച ചെയ്യേണ്ടതെന്നും പി. രാജീവ് ചോദിച്ചു. ഭരണപക്ഷം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലായിരുന്നു പി. രാജീവിൻ്റെ പ്രതികരണം.
പ്രതിപക്ഷത്തിന്‍റെ പ്രകോപനത്തില്‍ വീഴരുതെന്ന് ഇടതുപക്ഷത്തെ അംഗങ്ങളോടെല്ലാം പറഞ്ഞുവെന്നും, ചർച്ച നടത്താതെ രക്ഷപ്പെടാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. വെളിയിലേക്കിറങ്ങാന്‍ വന്ന ഇടതുപക്ഷ അംഗങ്ങളെ പിന്തിരിപ്പിച്ചു. എന്തു പ്രകോപനത്തിലാണ് മാത്യു കുഴല്‍നാടനും അന്‍വർ സാദത്തും സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചുകയറി വാച്ച് ആന്‍ഡ് വാർഡുമായി ഉന്തും തള്ളുമുണ്ടാക്കിയത്?. എങ്ങനെയും സഭ തടസപ്പെടുത്താന്‍ വേണ്ടി, ചർച്ചയില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയുമാണമാണെന്ന് മന്ത്രിമാർ പറഞ്ഞു.
ഇതിനു നേതൃത്വം കൊടുത്ത പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കേരള സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടപ്പെട്ടു. ഇത് പ്രതിപക്ഷത്തിന്‍റെ രാഷ്ട്രീയ പരാജയവും ഇടതുപക്ഷത്തിന്‍റെ രാഷ്ട്രീയ വിജയവുമാണ്. ഇതോടുകൂടി ഇതുവരെ കേരളത്തില്‍ പലരുടെയും സഹായത്തോടെ പ്രതിപക്ഷം കെട്ടിപ്പൊക്കിയ ആരോപണങ്ങള്‍ പൊട്ടിത്തകർന്ന് ചാരമായിരിക്കുകയാണ്. സഭയില്‍ നിന്നും ഓടി രക്ഷപ്പെട്ടെന്നു കരുതി പ്രതിപക്ഷം രക്ഷപ്പെട്ടുവെന്ന് കരുതേണ്ടെന്നും എംബി രാജേഷ് പറഞ്ഞു. ജനാധിപത്യത്തോടുള്ള കടുത്ത വെല്ലുവിളിയാണിതെന്ന് വാർത്താസമ്മേളനത്തിൽ മന്ത്രി പി. രാജനും പ്രതികരിച്ചു.
പ്രതിഷേധങ്ങൾക്കിടെ സഭയിൽ ഒരുപാട് പ്രതിപക്ഷ നേതാക്കളുണ്ടോയെന്ന സ്പീക്കറുടെ ചോദ്യം പ്രതിപക്ഷത്തെ ചൊടിപ്പിച്ചിരുന്നു. സ്പീക്കറുടെ കസേരയിലിരുന്ന് ആ ചോദ്യം ചോദിച്ചത് അപക്വതയാണെന്ന് വി.ഡി. സതീശൻ വിമർശിച്ചു. സ്പീക്കർ പദവിക്ക് അപമാനകരമായ ചോദ്യമാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തുടർന്ന് ചോദ്യോത്തരവേള ബഹിഷ്കരിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തുകയായിരുന്നു.