'നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകാൻ കഴിഞ്ഞു'; താല്‍പ്പര്യപത്രങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നുവെന്ന് പി. രാജീവ്

നിക്ഷേപങ്ങളുടെ തുടർനടപടികള്‍ക്കായി പ്രത്യേക സംവിധാനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു
പി. രാജീവ്
പി. രാജീവ്
Published on

ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിലൂടെ നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകാൻ കഴിഞ്ഞുവെന്ന് വ്യവസായ മന്ത്രി പി. രാജീവ്. നിക്ഷേപക സംഗമം വൻവിജയമായിരുന്നുവെന്നും കരാറുകളിൽ സംസ്ഥാന താല്‍പ്പര്യങ്ങൾ സംരക്ഷിച്ചാകും ഒപ്പുവയ്ക്കുകയെന്നും മന്ത്രി അറിയിച്ചു. രണ്ടാഴ്ചക്കുള്ളിൽ താല്‍പ്പര്യപത്രങ്ങൾ പരിശോധിച്ച് അന്തിമ പട്ടിക തയ്യാറാക്കുമെന്നും പി. രാജീവ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.



ഉച്ചകോടിയുടെ സമാനപന ചടങ്ങ് നടക്കുമ്പോഴും  നിക്ഷേപങ്ങൾ വന്നുകൊണ്ടിരിക്കുകയാണെന്നും അന്തിമപട്ടികയും തുകയും ഉയരുമെന്നും പി. രാജീവ് പറഞ്ഞു. ജിസിസി, ഐടി റൗണ്ട് ടേബിളിൽ മുഖ്യമന്ത്രി പങ്കെടുത്തു. 50ലധികം നിക്ഷേപകരുമായി മുഖമന്ത്രി മുഖാമുഖം സംസാരിച്ചു. നിക്ഷേപങ്ങളുടെ ഫോളോ അപ്പിനായി പ്രത്യേക സംവിധാനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. 50 കോടി രൂപയിൽ താഴെയുള്ള നിക്ഷേപം വ്യവസായ ഡയറക്ടറേറ്റ് വഴി ഫോളോ അപ് ചെയ്യും. വ്യവസായ ഡയറക്ടറേറ്റിൽ ഒരു പ്രത്യേക ടീമിനെ സജ്ജമാക്കും. 50 കോടി രൂപയിൽ കൂടുതലുള്ള വൻകിട പ്രോജക്ടുകൾ കെഎസ്ഐഡിസി വഴി ഫോളോ അപ്പ് ചെയ്യും. കെഎസ്ഐഡിസിയിൽ തുടർ നടപടികൾക്കായി പ്രത്യേക ടീമിനെ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. ഏഴ് ഓഫീസർമാർ ഓരോ ടീമിന്റെയും നേതൃത്വത്തിനായി നിയോഗിക്കും. ടീമിൽ വിദഗ്ദ്ധരെ ഉൾപ്പെടുത്തുമെന്നും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സെക്രട്ടറിതല കമ്മിറ്റി രൂപീകരിക്കുമെന്നും പി. രാജീവ് കൂട്ടിച്ചേർത്തു. പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രതിമാസ അവലോകനം യോ​ഗമുണ്ടാകുമെന്നും മന്ത്രി പങ്കെടുത്ത് രണ്ട് മാസത്തിൽ ഒരിക്കൽ അവലോകനം യോ​ഗം ചേരുമെന്നും അറിയിച്ചു.

ഇത്തരം സംവിധാനം ഒരുക്കുക വഴി ഇവർ നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ പ്രോജക്ടുകൾക്കായി സ്വന്തം ഭൂമി വിട്ടു നൽകാൻ താല്‍പ്പര്യമുള്ളവരുടെ പട്ടിക തയ്യാറാക്കും. സ്വകാര്യ ഭൂമിയുടെ വിവരങ്ങൾ ഉൾപ്പെടുത്തുന്ന ഒരു പോർട്ടൽ രൂപീകരിക്കും. ഇതുവഴി വ്യവസായങ്ങൾക്ക് ഭൂമി നൽകാൻ താൽപ്പര്യമുള്ളവരുടെ ഭൂമിയുടെ വിവരങ്ങളും വ്യവസായങ്ങൾക്കായി ഭൂമി ആവശ്യമുള്ളവരുടെ വിവരങ്ങളും തമ്മിൽ കോർത്തിണക്കാൻ സാധിക്കും. ഈ പോർട്ടൽ വൈകാതെ തന്നെ ഇൻവെസ്റ്റ് കേരള ഗ്ലോബൽ കമ്മിറ്റിന്റെ വെബ്സൈറ്റിന്റെ ഭാഗമായി തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലെ വിവിധ സെഷനുകളിൽ നടന്ന ചർച്ചകളുടെ സംക്ഷിപ്തവിവരണവും, ചർച്ചകളുടെ മുഴുവൻ വീഡിയോയും ഇൻവെസ്റ്റ്‌ കേരള ഗ്ലോബൽ സമ്മിറ്റ് വെബ്സൈറ്റ് വഴി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. വ്യവസായികളുമായി അടുത്ത ആഴ്ച കൂടികാഴ്ച നടത്തും. 500 കോടി നിക്ഷേപമുള്ള ഫ്ലക്സിബിൾ പിസിബി നിർമാണ യൂണിറ്റ് പെരുമ്പാവൂർ റയോൺസ് വക ഭൂമിയിൽ സ്ഥാപിക്കാൻ തയ്യാറായി ഒരു ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com