
കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഎമ്മില്‍ ചേര്‍ന്ന ഡോ.പി.സരിന്‍ സിപിഎം ഒറ്റപ്പാലം ഏരിയ സമ്മേളന വേദിയിലെത്തി. കോണ്‍ഗ്രസിലായിരിക്കെ പ്രവര്‍ത്തന മണ്ഡലമായിരുന്ന ഒറ്റപ്പാലത്തെ ഏരിയാ സമ്മേളനത്തിനാണ് ഉദ്ഘാടനസമയത്ത് സരിനെത്തിയത്.
ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിന്റെ ഉദ്ഘാടന പ്രസംഗം സമാപിക്കുന്നതുവരെ സരിന്‍ വേദിക്ക് മുന്നില്‍ സദസിലുണ്ടായിരുന്നു. സമ്മേളന പ്രതിനിധി അല്ലാത്തതിനാല്‍ ഉദ്ഘാടന പ്രസംഗം കഴിഞ്ഞതും സദസ്സില്‍ നിന്നും പോവുകയായിരുന്നു.
2016 മുതല്‍ കോണ്‍ഗ്രസില്‍ സരിന്റെ പ്രവര്‍ത്തനമണ്ഡലം ഒറ്റപ്പാലമായിരുന്നു. ഇക്കാലത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായും കോണ്‍ഗ്രസിന്റെ സാമൂഹിക വിഭാഗം മേധാവിയായും സരിൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായും മത്സരിച്ചിരുന്നു.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫിലെത്തി സ്വതന്ത്ര സ്ഥാനാര്‍ഥിയായും മത്സരിച്ചു. അതിന് ശേഷം ആദ്യമായാണ് ഒരു സിപിഎം സമ്മേളനവേദിയിലെത്തുന്നത്. പ്രതിനിധിയല്ലെങ്കിലും സമ്മേളനത്തിന് സരിന് നല്ല സ്വീകരണമാണ് ലഭിച്ചത്.