
പാലക്കാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ഡോ. പി. സരിൻ്റെ ആരോപണം തള്ളി രാഹുൽ മാങ്കൂട്ടത്തിൽ. SDPIയെ തെരഞ്ഞെടുപ്പിനായി കോൺഗ്രസ് ഉപയോഗിച്ചുവെന്ന പരാമർശത്തെ തള്ളിയാണ് രാഹുലിൻ്റെ മറുപടി. എസ്ഡി.പി.ഐയെ ഏറ്റവും എതിർക്കുന്നത് ലീഗല്ലേ എന്നായിരുന്നു രാഹുലിൻ്റെ ചോദ്യം.
കോൺഗ്രസ് മതം പറഞ്ഞ് SDPIയെ ഇറക്കി വിട്ട് പ്രചരണം നടത്തി നേടിയ വിജയമാണ് പാലക്കാട്ടേതെന്നായിരുന്നു സരിൻ്റെ ആരോപണം. ഇത് പാലക്കാട്ടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ കളങ്കമായി നിലനിൽക്കുമെന്നും സരിൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. ഇടത് സഹയാത്രികനായി പാലക്കാട് ജില്ലയിൽ പൊതു പ്രവർത്തനരംഗത്ത് തുടരുമെന്നും സരിൻ പറഞ്ഞു.
ഇതോടെയാണ് സരിൻ്റെ ആരോപണം തള്ളി രാഹുൽ മാങ്കൂട്ടത്തിൽ. SDPI യെ ശക്തമായി എതിർത്തിട്ടുള്ളത് ലീഗാണ്. ലീഗിൻ്റെ മറവിൽ SDPI പ്രവർത്തിക്കുമെന്ന് കരുതുന്നില്ല. വർഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ലെന്നും രാഹുൽ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച ശേഷമായിരുന്നു രാഹുലിൻ്റെ പ്രതികരണം.
കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് പാലക്കാട് വിജയിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന് 58,389 വോട്ടുകളാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ 39,549 വോട്ടുകളാണ് നേടിയത്. മൂന്നാം സ്ഥാനത്തുള്ള എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പി. സരിൻ നേടിയത് 37,293 വോട്ടുകളാണ്.