"ഇടത് സ്ഥാനാർഥിയാകും എന്നുറപ്പ്, CPIM പാലക്കാട് ജില്ലാ സെക്രട്ടറിയുമായി ചർച്ച നടത്തി"; ഡോ. പി. സരിൻ

ഇടതുപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന നിലപാടിന് പൂർണ പിന്തുണ നൽകിയാണ്, സിപിഎം സ്ഥാനാർഥിയായി സരിനെ പ്രഖ്യാപിക്കാനൊരുങ്ങുന്നത്
"ഇടത് സ്ഥാനാർഥിയാകും എന്നുറപ്പ്, CPIM പാലക്കാട് ജില്ലാ സെക്രട്ടറിയുമായി  ചർച്ച നടത്തി"; ഡോ. പി. സരിൻ
Published on
Updated on


പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയാകും എന്നുറപ്പിച്ച് ഡോ. പി. സരിൻ . സിപിഐഎം പാലക്കാട് ജില്ല സെക്രട്ടറിയുമായി ഇന്നലെ ചർച്ച നടത്തിയതായി പി.സരിൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. ബിജെപിക്കെതിരെയുള്ള പോരാട്ടത്തിന് ആണ് പ്രാധാന്യം എന്നും സരിൻ കൂട്ടിച്ചേർത്തു. സരിൻ്റെ സ്ഥാനാർഥിത്വത്തിൽ സിപിഐഎം ഇന്ന് തീരുമാനമെടുക്കും.

പാലക്കാട്ടെ സ്ഥാനാർഥിയാരെന്ന് മണിക്കൂറുകൾക്കകം പ്രഖ്യാപിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരത്തെ പറഞ്ഞിരുന്നു. പി. സരിൻ സ്ഥാനാർഥിയായേക്കുമെന്ന് തള്ളാതെയായിരുന്നു ഗോവിന്ദൻ്റെ പ്രസ്താവന. ഇപ്പോൾ കോൺഗ്രസ് പുറത്താക്കിയ നേതാവ് തന്നെ കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ്.

ഇടതുപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന സരിൻ്റെ നിലപാടിന് പൂർണ പിന്തുണ നൽകിയാണ്, പാലക്കാട് ഇടതു സ്ഥാനാർഥിയായി സരിനെ പ്രഖ്യാപിക്കാനൊരുങ്ങുന്നത്. സരിൻ സ്ഥാനാർഥിയാകുന്നതോടെ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് സിപിഎമ്മിന്. പാർട്ടി ദുർബലമായ പാലക്കാട് നഗരസഭയിൽനിന്നു കൂടുതൽ വോട്ട് സമാഹരിക്കാൻ ഇതുവഴി കഴിയുമെന്ന് സി പിഐഎം കരുതുന്നു.

ഇതിന് പുറമെ കോൺഗ്രസിലെയും ബിജെപിയിലെയും അസംതൃപ്തരുടെ വോട്ടുകളും ലഭിക്കുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടൽ. എന്നാൽ സരിനെ സ്ഥാനാർത്ഥിയാക്കിയത് സിപിഐഎം പ്രവർത്തകരും അനുഭാവികളും അംഗീകരിക്കില്ലെന്നാണ് കോൺഗ്രസിൻ്റെ വിലയിരുത്തൽ. 

News Malayalam 24x7
newsmalayalam.com