ഡോ. പി. സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രന്‍; അംഗീകരിച്ച് പോളിറ്റ് ബ്യൂറോ

സരിനെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പി.ബി അനുമതി നല്‍കി
ഡോ. പി. സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രന്‍; അംഗീകരിച്ച് പോളിറ്റ് ബ്യൂറോ
Published on

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഡോ. പി. സരിന്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. സരിനെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗീകാരം നല്‍കി. സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ചെയ്യാതെ തന്നെ സരിനെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പി.ബി അനുമതി നല്‍കി.

ശനിയാഴ്ചയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടക്കുന്നത്. ഇതില്‍ ചര്‍ച്ച ചെയ്യാതെ തന്നെ ഇന്നോ നാളെയോ സരിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാനാണ് പാര്‍ട്ടി തീരുമാനം. സ്ഥാനാര്‍ഥികളുടെ പേര് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുന്നതാണ് സാധാരണ സിപിഎം രീതി. ഇത് ജില്ലാ സെക്രട്ടറിയേറ്റിലും ഏരിയാ കമ്മിറ്റിയിലും റിപ്പോര്‍ട്ട് ചെയ്യും. ഇതിനു ശേഷമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുക.


പ്രത്യേക സാഹചര്യത്തില്‍ പാര്‍ട്ടി കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധമായി സരിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാനൊരുങ്ങുകയാണ് സിപിഎം. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സരിന്‍ നേതൃത്വവുമായി ഇടഞ്ഞത്. കഴിഞ്ഞ ദിവസം പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച സരിന്‍ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തന്റെ ഇനിയുള്ള രാഷ്ട്രീയ യാത്ര ഇടതുപക്ഷത്തിന് ഒപ്പമാണെന്ന് പ്രഖ്യാപിച്ചത്.


സിപിഎം അംഗീകരിച്ചാല്‍ ഇടത് സ്ഥാനാര്‍ഥിയാകാനുള്ള സന്നദ്ധതയും സരിന്‍ അറിയിച്ചിരുന്നു. പിന്നാലെ, സരിനെ കോണ്‍ഗ്രസ് പുറത്താക്കുകയും ചെയ്തു. ഇതോടെയാണ് സ്ഥാനാര്‍ഥി തീരുമാനം സിപിഎം ദ്രുതഗതിയിലാക്കിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com