
ഇംഗ്ലീഷ് മാധ്യമമായ ദ വീക്കില്‍ തന്റെ പേരില്‍ വന്ന റിപ്പോര്‍ട്ടിലെ പ്രതികരണം നിഷേധിച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി. പ്രതികരണം തെറ്റാണെന്നും ആര്‍ക്കും അഭിമുഖം നല്‍കിയിട്ടില്ലന്നെും പി. ശശി പറഞ്ഞു.
ജനങ്ങള്‍ക്ക് എന്ത് വേണമെങ്കിലും പറയാനുള്ള അവകാശമുണ്ടെന്നും ഇത്തരം വേട്ടയാടലുകള്‍ നേരിടുന്നത് ആദ്യമായിട്ടല്ലെന്നും പി. ശശി പറഞ്ഞതായാണ് ദ വീക്കിലെ റിപ്പോര്‍ട്ട്.
'ജനങ്ങള്‍ക്ക് എന്ത് വേണമെങ്കിലും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനുള്ള അവകാശം അവര്‍ക്കുണ്ട്. എനിക്ക് ഒരു പ്രമാണിയാണെന്ന തരത്തിലുള്ള ചിന്താഗതിയൊന്നുമില്ല. ഒരു പകയും വെച്ചു പുലര്‍ത്തുന്നില്ല, ഒരു പേടിയും തോന്നുന്നില്ല. എനിക്ക് ഇതൊന്നും പുതിയതല്ല. 1980ല്‍ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ കാലം തൊട്ട് നേരിടുന്ന ആക്രമണമാണ്. എന്നിരുന്നാലും ഞാന്‍ ഇത്രയും ദൂരം എത്തിയില്ലേ? അത് തന്നെ ധാരാളം,' പി ശശി പറഞ്ഞതായി ദ വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
പി.വി. അന്‍വര്‍ എംഎൽഎ പി. ശശിയ്‌ക്കെതിരെയും എഡിജിപി എം.ആര്‍. അജിത് കുമാര്‍, എസ്പി സുജിത് ദാസ് എന്നിവര്‍ക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന നിലയില്‍ പി. ശശി പൂര്‍ണ പരാജയമാണെന്നായിരുന്നു പി.വി. അന്‍വര്‍ എംഎല്‍എ വെളിപ്പെടുത്തല്‍. പി. ശശിയെ വിശ്വസിച്ചാണ് പാര്‍ട്ടിയും ആഭ്യന്തര വകുപ്പും അദ്ദേഹത്തെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചത്. ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന വീഴ്ചകള്‍ക്ക് മുഖ്യമന്ത്രിയും സിപിഎമ്മും ഉത്തരം പറയേണ്ടി വരുമെന്നും പി.വി. അന്‍വര്‍ പറഞ്ഞിരുന്നു.