
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പി.ശശിയെ മാറ്റില്ല. ഉടനടി മാറ്റേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. അതേസമയം, വിവാദങ്ങൾ തുടർന്നാൽ പൊളിറ്റിക്കൽ സെക്രട്ടറിയെ മാറ്റുന്നതടക്കമുള്ള കാര്യങ്ങൾ സിപിഎം സംസ്ഥാന സമ്മേളനം ആലോചിക്കുമെന്ന് സിപിഎം കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു.
പി.വി. അൻവർ ഉന്നയിച്ച വിഷയങ്ങളുടെ പേരിൽ ശശിയെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുന്നത് ഇപ്പോൾ മുഖ്യമന്ത്രിയുടെയോ, സിപിഎം നേതൃത്വത്തിന്റെയോ പരിഗണനയിൽ ഇല്ല. നിലവിൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾക്ക് ആസ്പദമായി തെളിവുകളൊന്നുമില്ലാത്ത സാഹചര്യത്തില്‍ പൊളിറ്റിക്കൽ സെക്രട്ടറിയെ മാറ്റുന്നത് ആലോചിക്കേണ്ട കാര്യം പോലുമില്ലെന്നാണ് സിപിഎം കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. വ്യക്തമായ തെളിവുകൾ സഹിതം ആരോപണങ്ങൾ ഉയരുകയാണെങ്കിൽ മാത്രമാകും പാർട്ടി ഇക്കാര്യം പരിശോധിച്ച് നടപടിയിലേക്ക് കടക്കുക.
വരുന്ന സംസ്ഥാന സമ്മേളനമാകും ശശിയുടെ കാര്യത്തിൽ നിർണായകമാകുക. ആഭ്യന്തര വകുപ്പിനും, പൊലീസിനുമെതിരായ വിമർശനങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയായേക്കും. ഭരണതലത്തിലടക്കം മാറ്റം വേണോയെന്നതടക്കം സംസ്ഥാന സമ്മേളനത്തിൽ ഉയരുന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാകും തുടർനടപടികളുണ്ടാകുക. സംഘടനാ സമ്മേളനങ്ങൾ നടക്കുന്ന കാലയളവിൽ ജാഗ്രതയോടെ ഇത്തരം വിഷയങ്ങളെ സമീപിക്കണമെന്നതാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്.
നിലവിൽ സംസ്ഥാന കമ്മിറ്റിയംഗമായ പി. ശശി മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യത്തോടെയാണ് പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. പി.ശശിക്കെതിരെ നടപടി ഉണ്ടാകുന്ന സാഹചര്യം മുഖ്യമന്ത്രി പിണറായി വിജയന് എതിരെയും വിമർശനങ്ങൾക്ക് കാരണമാകുകയും ചെയ്യും. ഇതെല്ലാം കണക്കിലെടുത്താണ് പി.ശശിയെ മാറ്റുന്നതിനെ കുറിച്ച് പാര്‍ട്ടിയില്‍ ആലോചനകൾ പോലും ഉണ്ടാകാത്തത്.