"സ്ത്രീയാണെങ്കിൽ എന്തുമാകാം എന്നാണ് ധാരണ"; വഞ്ചിയൂരിൽ അഭിഭാഷകയെ മർദിച്ച കേസിൽ പൊലീസിനോട് റിപ്പോർട്ട് തേടുമെന്ന് പി. സതീദേവി

അഭിഭാഷകനെ സംരക്ഷിക്കാൻ ആരുടെയും പിന്തുണ ഉണ്ടാകരുതെന്നും പി. സതീദേവി പറഞ്ഞു
"സ്ത്രീയാണെങ്കിൽ എന്തുമാകാം എന്നാണ് ധാരണ"; വഞ്ചിയൂരിൽ അഭിഭാഷകയെ മർദിച്ച കേസിൽ പൊലീസിനോട് റിപ്പോർട്ട് തേടുമെന്ന് പി. സതീദേവി
Published on


തിരുവനന്തപുരം വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ മർദിച്ച കേസിൽ വനിതാ കമ്മീഷൻ പൊലീസിനോട് റിപ്പോർട്ട് തേടുമെന്ന് അധ്യക്ഷ പി. സതീദേവി. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അന്വേഷിക്കണം. അഭിഭാഷകനെ സംരക്ഷിക്കാൻ ആരുടെയും പിന്തുണ ഉണ്ടാകരുതെന്നും പി. സതീദേവി പറഞ്ഞു.

"സംഭവം അഭിഭാഷക സമൂഹത്തിനു മാത്രമല്ല, കേരളീയ സമൂഹത്തിനും അപമാനം. ആളുകൾ നോക്കിനിൽക്കെയാണ് ക്രൂരമായി മർദിച്ചത്. ജൂനിയർ ഒരു പുരുഷനായിരുന്നുവെങ്കിൽ മർദിക്കുമായിരുന്നോ?. സ്ത്രീയാണെങ്കിൽ എന്തുമാകാം എന്നാണ് ധാരണ. വികലമായ ഇത്തരം ധാരണയിൽ നിന്നാണ് അക്രമം ഉണ്ടാകുന്നത്. ഒളിവിൽ പോയ പ്രതിയെ എത്രയും വേഗം പിടികൂടണം" പി. സതീദേവി പറഞ്ഞു.

അതേസമയം, സംഭവത്തിൽ ബെയിലിൻ ദാസിനെതിരെ ജൂനിയർ അഭിഭാഷക ബാർ കൺസിലിൽ പരാതി നൽകിയിട്ടുണ്ട്. അഞ്ച് മാസം ഗർഭിണി ആയിരിക്കെ ബെയിലിൻ മർദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഗർഭിണിയായിരിക്കെ മർദനമേറ്റതോടെ പെൺകുട്ടി വക്കീൽ ഓഫീസിലേക്ക് പോകുന്നത് നിർത്തിവെച്ചിരുന്നു. പിന്നീട് ബെയിലിൻ ദാസ് കാല് പിടിച്ച് മാപ്പ് പറഞ്ഞതിന് ശേഷമാണ് ഓഫീസിലേക്ക് പോയത്. കഴിഞ്ഞ ദിവസം തുടരെ തുടരെ മർദിച്ചിരുന്നെന്നും ബാർ കൗൺസിലിന് നൽകിയ പരാതിയിൽ പറയുന്നു.


സംഭവം വിവാദമായതോടെ ഒളിവിൽ പോയ സീനിയർ അഭിഭാഷകൻ ബെയിലിൻ ദാസിനായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ബെയിലിൻ ദാസിൻ്റെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഇയാളുടെ കുടുംബത്തെയുൾപ്പെടെ ബന്ധപ്പെട്ടിരുന്നെങ്കിലും വിവരങ്ങൾ ലഭിച്ചിട്ടില്ല. പ്രതിയുടെ മൊബൈൽ ഫോൺ നിലവിൽ സ്വിച്ച്ഡ് ഓഫ് ആണെന്നാണ് പൊലീസ് പറയുന്നത്.

ഓഫീസിലെ തർക്കത്തെ തുടർന്നാണ് പാറശാല സ്വദേശിയായ ജൂനിയർ അഭിഭാഷകയ്ക്ക് അതിക്രൂര മർദനമേറ്റത്. സ്ത്രീത്വത്തെ അപമാനിക്കൽ/ തടഞ്ഞുവയ്ക്കൽ, മർദനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ബെയിലിനെതിരെ കേസെടുത്തത്. ഓഫീസിലെ ടൈപ്പിസ്റ്റിനെ ജൂനിയർ അഭിഭാഷക അപമാനിച്ചുവെന്ന് പറഞ്ഞായിരുന്നു മർദനം. സംഭവം പുറത്തറിഞ്ഞതോടെ ബെയിലിൻ ദാസിനെ തിരുവനന്തപുരം ബാർ അസോസിയേഷൻ സസ്‌പെൻഡ് ചെയ്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com