ലഹരിയെയല്ല SFIയെ ഒതുക്കാനാണ് ചിലർക്ക് വ്യഗ്രത, ദയവായി രാഷ്ട്രീയം കലർത്തരുത്: പി.എ. മുഹമ്മദ് റിയാസ്

ലഹരി പദാർഥങ്ങളുടെ വ്യാപനത്തിൽ ശക്തമായ നടപടികൾ തുടരുമെന്നും മുഹമ്മദ് റിയാസ് അറിയിച്ചു
ലഹരിയെയല്ല SFIയെ ഒതുക്കാനാണ് ചിലർക്ക് വ്യഗ്രത, ദയവായി രാഷ്ട്രീയം കലർത്തരുത്: പി.എ. മുഹമ്മദ് റിയാസ്
Published on

ലഹരിയെക്കുറിച്ച് പറയുമ്പോൾ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയെ കുറ്റപ്പെടുത്തുന്നവരെ അവരുടെ നേതാക്കൾ തിരുത്തണമെന്ന് യുവജനകാര്യ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ലഹരി വേട്ടയിൽ ദയവായി രാഷ്ട്രീയം കലർത്തരുത്. ലഹരിക്കേസ് പിടികൂടുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും മന്ത്രി വ്യക്തമാക്കി.

ലഹരി പദാർഥങ്ങളുടെ വ്യാപനത്തിൽ ശക്തമായ നടപടികൾ തുടരുമെന്നും മുഹമ്മദ് റിയാസ് അറിയിച്ചു. ലഹരി വേട്ടയിൽ രാഷ്ട്രീയം കാണുന്നത് ശരിയല്ലെന്നും ലഹരിയെയല്ല എസ്എഫ്ഐയെ ഒതുക്കാനാണ് ചിലർക്ക് വ്യഗ്രത എന്ന് തോന്നുമെന്നും മന്ത്രി പറഞ്ഞു. അവരുടെ ഉദ്ദേശ്യം എന്താണ്? ഏതെങ്കിലും ഒരു സംഘടനയോ രാഷ്ട്രീയ പാർട്ടിയോ ആണ് ലഹരിക്കു പിന്നിൽ എന്ന് ഞങ്ങളാരും പറയില്ല. അങ്ങനെ പറയുന്നവരെ ജനം തിരിച്ചറിയുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

കളമശേരി പൊളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നടന്ന കഞ്ചാവ് വേട്ടയിൽ മൂന്ന് വിദ്യാർഥികൾ അറസ്റ്റിലായതിനു പിന്നാലെയാണ് വിദ്യാർഥി സംഘടനകളെ ചുറ്റിപ്പറ്റി ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങൾ ഉയർന്നത്. പൊലീസിന്റെ മിന്നൽ പരിശോധനയിൽ മൂന്ന് വിദ്യാർഥികളാണ് പിടിയിലായത്. ഇവരുടെ മുറിയിൽ നിന്ന് രണ്ട് കിലോ വരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആദിൽ, ആകാശ് എന്നിവരുടെ മുറിയിൽ നിന്ന് 1.97 കിലോഗ്രാമും അഭിരാജ്, ആദിത്യൻ എന്നിവരുടെ മുറിയിൽ നിന്ന് 9.7 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്. റെയ്ഡ് നടക്കുമ്പോൾ ആദിൽ‍ മുറിയിലുണ്ടായിരുന്നില്ല. അഭിരാജിനെയും ആദിത്യനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എന്നാൽ, പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് കൂടുതലായതിനാൽ ആകാശിന് ജാമ്യം ലഭിച്ചില്ല. ആകാശ് നിലവിൽ റിമാൻഡിലാണ്. ഇതില്‍ അഭിരാജ് എസ്എഫ്ഐ നേതൃത്വത്തിലുള്ള യൂണിയന്‍റെ ജനറൽ സെക്രട്ടറിയാണ്. ഇതുവരെ ലഹരി ഉപയോ​ഗിക്കാത്ത തന്നെ കുടുക്കിയതാണെന്നാണ് അഭിരാജിന്റെ വാദം. അതേസമയം, യഥാർഥ പ്രതി കെഎസ്‌യു പ്രവർത്തകൻ ആദിലാണെന്നാണ് എസ്എഫ്ഐയുടെ ആരോപണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com