"സുധാകരൻ ബിജെപിയുടെ ട്രോജൻ കുതിര"; കോൺഗ്രസിനെതിരെ ആക്രമണം കടുപ്പിച്ച് മുഹമ്മദ് റിയാസ്

കോൺഗ്രസിൽ നിന്ന് ഇടതുപക്ഷത്തേക്ക് പോകുന്നവരോട് സുധാകരന് അലർജിയാണെന്നും റിയാസ് വിമർശിച്ചു
"സുധാകരൻ ബിജെപിയുടെ ട്രോജൻ കുതിര"; കോൺഗ്രസിനെതിരെ ആക്രമണം കടുപ്പിച്ച് മുഹമ്മദ് റിയാസ്
Published on


സംസ്ഥാനം ഉപതെരഞ്ഞെടുപ്പിന് തയ്യാറാവുന്നതോടെ പ്രതിപക്ഷ-ഭരണപക്ഷ വാദ-പ്രതിവാദങ്ങൾക്കും ചൂടേറുകയാണ്. കെപിസിസി പ്രസിഡൻ്റ് കെ. സുധാകരനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസ്. ബിജെപിയുടെ ട്രോജൻ കുതിരയാണ് കെ. സുധാകരനെന്നായിരുന്നു റിയാസിൻ്റെ പ്രസ്താവന. കോൺഗ്രസിൽ നിന്ന് ഇടതുപക്ഷത്തേക്ക് പോകുന്നവരോട് സുധാകരന് അലർജിയാണെന്നും റിയാസ് വിമർശിച്ചു.

കോൺഗ്രസിൽ നിന്ന് ബിജെപിക്ക് വേണ്ടി പണിയെടുക്കകയാണ് കെ.സുധാകരനെന്നായിരുന്നു റിയാസിൻ്റെ ആരോപണം. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് പോകുന്നവരോട് മുഖം ചുളിക്കാത്ത സുധാകരന്, ഇടതുപക്ഷത്തേക്ക് പോകുന്നവരോട് അലർജിയാണ്. പാലക്കാട് കോൺഗ്രസിൽ നിന്ന് ഇടതുപക്ഷത്തേക്ക് ചേക്കേറിയ ഡോ. പി. സരിനെ സുധാകരൻ പ്രാണിയോട് ഉപമിച്ചിരുന്നു. കോൺഗ്രസിലെ കൊഴിഞ്ഞുപോക്ക് ചൂണ്ടികാട്ടി, ഇപ്പോൾ പ്രാണികളുടെ ഘോഷയാത്രയാണ് നടക്കുന്നതെന്നും റിയാസ് പരിഹസിച്ചു.


കോൺഗ്രസുകാരുടെ വ്യക്തിപരമായ ആക്ഷേപങ്ങൾക്ക് മറുപടി പറയുന്നില്ലെന്നാണ് റിയാസിൻ്റെ പക്ഷം. എന്നാൽ കെ. സുധാകരൻ്റെ കൊലവിളി പ്രസംഗം ഗൗരവമായി തന്നെ കാണണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ആളുകളെ കൊലപ്പെടുത്തുമെന്ന് പരസ്യമായി പറയുന്നത് വളരെ ഗൗരവമുള്ള വിഷയമാണ്. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ലെന്നും റിയാസ് ചൂണ്ടികാട്ടി. അതേസമയം പി. ജയരാജന്റെ പുസ്തകത്തിലെ മഅദനിക്കെതിരായ പരാമർശത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് റിയാസ് പറഞ്ഞു.

അതേസമയം, കാരാട്ട് റസാഖ് ഇടത് ബന്ധം അവസാനിപ്പിക്കുമോ എന്ന ചോദ്യത്തിന് റിയാസ് മറുപടി നൽകിയില്ല. പി.വി. അൻവറിനെ പിന്നാലെ റസാഖും പാർട്ടി വിടാനൊരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അൻവറിൻ്റെ ചുവടുപിടിച്ച് മുഹമ്മദ് റിയാസ് പാർട്ടിയെ ഹൈജാക്ക് ചെയ്തെന്ന ആരോപണവും റസാഖ് ഉയർത്തിയിരുന്നു. എന്നാൽ റസാഖിന് തന്നെ വിമർശിക്കാൻ അവകാശമുണ്ടെന്ന് റിയാസ് പറയുന്നു.

റസാഖ് എംഎൽഎയായിരുന്ന കൊടുവള്ളിയിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് റിയാസ് അവകശപ്പെട്ടു. കിഫ്ബി പദ്ധതിയുമായി ബന്ധപ്പെട്ടാണ് റസാഖിൻ്റെ ഇപ്പോഴുള്ള വിമർശനം. പദ്ധതി മെറിറ്റ് നോക്കി നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മുഹമ്മദ്‌ റിയാസിന്റെ നേതൃത്വത്തിൽ മുസ്ലിം ലീഗിനോട് ചേർന്ന് പാർട്ടി വലിയ പദ്ധതികൾ അട്ടിമറിച്ചെന്ന് കഴിഞ്ഞ ദിവസം റസാഖ് ആരോപിച്ചിരിന്നു. ഇത് പല തവണ റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെന്നും, ഈ വിഷയങ്ങൾ പാർട്ടി നേതൃത്വത്തിനെ അറിയിച്ച് 3 വർഷമായിട്ടും നടപടിയുണ്ടായില്ലെന്നും റസാഖ് ചൂണ്ടികാട്ടി. ഇപ്പോൾ ഇടതുപക്ഷ സഹയാത്രികൻ തന്നെയാണ്, എന്നാൽ നടപടികൾക്കായി ഒരാഴ്ച കൂടിയേ കാത്തിരിക്കൂ എന്നും റസാഖ് ശനിയാഴ്ച പറഞ്ഞിരുന്നു. 



Related Stories

No stories found.
News Malayalam 24x7
newsmalayalam.com