ആദില്‍ പോയിട്ട് എട്ട് വര്‍ഷം, പരീക്ഷ എഴുതാന്‍ വീട്ടിൽ നിന്നും പോയ മകന്‍ ഇതുവരെ തിരിച്ചുവന്നിട്ടില്ല; ഭീകരാക്രമണ കേസ് പ്രതിയുടെ അമ്മ

2017 ലാണ് മകൻ വീടു വിട്ടു പോയതെന്നും അമ്മ ഷഹ്റ ന്യൂസ് മലയാളത്തോട് പറഞ്ഞു
ആദില്‍ പോയിട്ട് എട്ട് വര്‍ഷം, പരീക്ഷ എഴുതാന്‍ വീട്ടിൽ നിന്നും പോയ മകന്‍ ഇതുവരെ തിരിച്ചുവന്നിട്ടില്ല; ഭീകരാക്രമണ കേസ് പ്രതിയുടെ അമ്മ
Published on


പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളിയായ ആദില്‍ ഹുസൈന്‍ തക്കര്‍ എന്ന ഭീകരന്‍ 2017ലാണ് അവസാനമായി അനന്തനാഗിലെ വീട്ടിലേക്ക് എത്തിയതെന്ന് അമ്മ ഷഹ്‌റാ ബീവി ന്യൂസ് മലയാളത്തോട് പറഞ്ഞു. ആദില്‍ 2017ന് ശേഷം വീട്ടില്‍ വന്നിട്ടില്ലെന്നും പരീക്ഷ എഴുതാനെന്ന് പറഞ്ഞ് പോയതാണെന്നും ഷഹ്‌റ പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കുള്ള കശ്മീരി ഭീകരരുടെ വീടുകള്‍ സുരക്ഷാസേന സ്‌ഫോടനത്തില്‍ തകര്‍ത്തിരുന്നു. വീട്ടുകാരെ പുറത്തിറക്കിയ ശേഷം വീട് സ്‌ഫോടനത്തിലൂടെ തകര്‍ക്കുകയായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ വീടുകള്‍ക്ക് സമീപം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

അതേസമയം, ഭീകരാക്രമണത്തില്‍ സുരക്ഷ വീഴ്ചയുണ്ടായെന്ന് കഴിഞ്ഞ ദിവസം നടന്ന സര്‍വകക്ഷിയോഗത്തില്‍ ഐബിയും (ഇന്റലിജന്‍സ് ബ്യൂറോ), ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരും തുറന്നു സമ്മതിച്ചിരുന്നു. ഭീകരാക്രമണം മുന്‍കൂട്ടി കാണുന്നതില്‍ പരാജയപ്പെട്ടത് 'പിഴവ്' ആണെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചിരുന്നു.

ആക്രമണം നടക്കുമ്പോള്‍ സുരക്ഷാ സേനകള്‍ എവിടെയായിരുന്നുവെന്ന് പ്രതിപക്ഷവും യോഗത്തില്‍ ചോദിച്ചിരുന്നു. വെടിവെപ്പ് ഉണ്ടായി ഒരു മണിക്കൂറിന് ശേഷമാണ് സുരക്ഷാ സേന എത്തിയതെന്നും സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ വാഹനം കയറാത്ത വഴിയായതിനാലാണ് താമസമുണ്ടായതെന്ന് സര്‍ക്കാര്‍ മറുപടി പറഞ്ഞതായാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.

യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാത്തതിലും പ്രതിപക്ഷം രൂക്ഷ വിമര്‍ശനമുന്നയിച്ചു. പ്രധാനമന്ത്രി പങ്കെടുക്കണമായിരുന്നു എന്നും അവര്‍ ആവശ്യപ്പെട്ടു. ഭീകര പ്രവർത്തനങ്ങള്‍ നേരിടാന്‍ രാജ്യം ഒറ്റക്കെട്ടെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. ഇതിനായുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചുവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ഭീകര പ്രവര്‍ത്തനം നേരിടാന്‍ സര്‍ക്കാര്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കും പിന്തുണ അറിയിച്ചതായി പ്രതിപക്ഷ നേതാവ് മല്ലികാജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും വ്യക്തമാക്കി.

പഹല്‍ഗാമിലേത് ഇന്ത്യക്കാരുടെ ആത്മാവിന് നേരെ ഉണ്ടായ ആക്രമണമാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. എല്ലാ ഭീകരരെയും പിന്തുടര്‍ന്ന് ചെന്ന് ശിക്ഷിക്കുമെന്നും ആ ശിക്ഷ അവര്‍ക്ക് സ്വപ്നത്തില്‍ പോലും കാണാന്‍ പറ്റില്ലെന്നും മോദി പറഞ്ഞിരുന്നു. ലോക നോതാക്കളും സിനിമാ പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളുമടക്കം നിരവധി പേരാണ് ഭീകരാക്രമണത്തെ അപലപിച്ചു കൊണ്ട് രംഗത്തെത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com