പഹല്‍ഗാം ഭീകരാക്രമണം: "ഇരുരാജ്യങ്ങളും ഉത്തരവാദിത്തത്തോടെ ഒരു പരിഹാരത്തിലെത്തണം"; ഇന്ത്യക്കൊപ്പമെന്ന് യുഎസ്

ഏഷ്യയിൽ വർധിച്ചുവരുന്ന ചൈനയുടെ സ്വാധീനത്തെ ചെറുക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യയെ ഒരു പ്രധാന പങ്കാളിയായിട്ടാണ് യുഎസ് കാണുന്നത്
പഹല്‍ഗാം ഭീകരാക്രമണം: "ഇരുരാജ്യങ്ങളും ഉത്തരവാദിത്തത്തോടെ ഒരു പരിഹാരത്തിലെത്തണം"; ഇന്ത്യക്കൊപ്പമെന്ന് യുഎസ്
Published on

പഹൽ​ഗാം ഭീകരാക്രമണത്തിൽ ഇന്ത്യക്ക് പിന്തുണ അറിയിച്ച് യുഎസ്. ഭീകരാക്രമണമത്തെ ശക്തമായി അപലപിക്കുന്നെന്നും സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ വക്താവ് അറിയിച്ചു. വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന് ഇമെയിൽ വഴി നൽകിയ പ്രസ്താവനയിലാണ് യുഎസ് വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്.


'ഉത്തരവാദിത്തത്തോടെ  ഒരു പരിഹാരത്തില്‍ എത്തിച്ചേരാനായി ഇരുകക്ഷികളും ഒരുമിച്ച് പ്രവർത്തിക്കാനാണ് യുഎസ് പ്രോത്സാഹിപ്പിക്കുന്നത്' എന്ന് പ്രസ്താവനയിൽ പറയുന്നു. ഭീകരാക്രമണത്തെ അപലപിച്ച യുഎസ് ഇന്ത്യക്കൊപ്പമാണെന്ന് ഊന്നിപ്പറഞ്ഞു. നേരത്തെ യുഎസ് പ്രസി‍ഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഭീകരാക്രമണത്തിൽ നടക്കം രേഖപ്പെടുത്തി രം​ഗത്തെത്തിയിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന് ചൈനയുടെ പിന്തുണയെന്ന വാർത്തകൾ വന്നതിനു തൊട്ടടുത്ത ദിവസമാണ് യുഎസിന്റെ പരസ്യപിന്തുണ ഇന്ത്യക്ക് ലഭിക്കുന്നത്. ഏഷ്യയിൽ വർധിച്ചുവരുന്ന ചൈനയുടെ സ്വാധീനത്തെ ചെറുക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യയെ ഒരു പ്രധാന പങ്കാളിയായിട്ടാണ് യുഎസ് കാണുന്നത്. യുഎസിന്റെ സുപ്രധാന സഖ്യകക്ഷികളിൽ ഒന്നാണ് പാകിസ്ഥാൻ. ഇന്ത്യയുമായുള്ള യുദ്ധങ്ങളിൽ യുഎസിന്റെ പിന്തുണ പാകിസ്ഥാനായിരുന്നു. എന്നാൽ, 2021-ൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസിന്റെ പിൻവാങ്ങലിനുശേഷം പാകിസ്ഥാന്റെ തന്ത്രപരമായ പ്രാധാന്യം കുറഞ്ഞതായാണ് നിരീക്ഷണം.

അതേസമയം, പാകിസ്ഥാന്‍ വിദേശകാര്യമന്ത്രിയുമായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ ഫോണില്‍ സംസാരിച്ച് പിന്തുണ ഉറപ്പ് നല്‍കിയതായാണ് റിപ്പോർട്ട്. പാകിസ്ഥാന്റെ സുരക്ഷയും അഖണ്ഡതയും സംരക്ഷിക്കും. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സ്വതന്ത്രമായ അന്വേഷണം വേണമെന്നും ചൈന പറഞ്ഞു. പ്രശ്‌ന പരിഹാരത്തിനായി ഇരുരാജ്യങ്ങളും പരിശ്രമിക്കുമെന്നാണ് കരുതുന്നതെന്നും വാങ് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുമായുള്ള ഫോണ്‍കോളിനിടെ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com