ഇന്ത്യയുടെ ചാര ഡ്രോൺ വെടി വെച്ചിട്ടെന്ന് പാക് സൈന്യം, അതിർത്തികളിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ, മധ്യസ്ഥശ്രമവുമായി യുഎൻ

ഇന്ത്യൻ അതിർത്തികളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഭീകരർക്കായുള്ള തെരച്ചിലും ശക്തമാക്കിയിരിക്കുകയാണ് സൈന്യം
ഇന്ത്യയുടെ ചാര ഡ്രോൺ വെടി വെച്ചിട്ടെന്ന് പാക് സൈന്യം, അതിർത്തികളിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ, മധ്യസ്ഥശ്രമവുമായി യുഎൻ
Published on

പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ-പാക് അതിർത്തിയിൽ സംഘർഷ സാധ്യത നിലനിൽക്കുകയാണ്. അതിനിടെ നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനമെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ ചാര ഡ്രോൺ വെടി വെച്ചിട്ടെന്ന് അവകാശവാദം ഉയർത്തിയിരിക്കുകയാണ് പാക് സൈന്യം.  ഇന്ത്യൻ അതിർത്തികളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഭീകരർക്കായുള്ള തെരച്ചിലും ശക്തമാക്കിയിരിക്കുകയാണ് സൈന്യം.

അതിനിടെ മൂന്ന് ദിവസത്തിനുള്ളിൽ ഇന്ത്യ അക്രമിക്കുമെന്ന് പാക് സൈന്യം അതിർത്തിയിൽ പോസ്റ്ററിലൂടെ മുന്നറിയ്പ്പ് നൽകി. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ജമ്മു കശ്മീരിലെ ആശുപത്രികളിൽ പുതിയ അഡ്മിഷൻ എടുക്കുന്നത് നിർത്തി വച്ചിരിക്കുകയാണ്.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യാ-പാക് സംഘർഷം ഒഴിവാക്കാൻ മധ്യസ്ഥശ്രമവുമായി യുഎൻ രംഗത്തുണ്ട്. വിദേശകാര്യമന്ത്രി എസ് ജയശങ്കറിനോടും പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനോടും യുഎൻ സെക്രട്ടറി ജനറൽ ആൻ്റണിയോ ഗുട്ടെറസ് ഫോണിൽ സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ വർധിച്ചുവരുന്ന സംഘർഷത്തിൽ യുഎൻ ആശങ്ക രേഖപ്പെടുത്തി.

സംഘർഷം ലഘൂകരിക്കാൻ ഇടപെടാമെന്നും ഏറ്റുമുട്ടൽ ഒഴിവാക്കണമെന്നും യുഎൻ സെക്രട്ടറി ജനറൽ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു. അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന ഇന്ത്യൻ നിലപാടും എസ് ജയശങ്കർ യുഎന്നിനെ അറിയിച്ചു.

അതേ സമയം ഭീകര വിരുദ്ധ പോരാട്ടത്തിന് സൈന്യത്തിന് പൂർണ പ്രവർത്തന സ്വാതന്ത്ര്യം നൽകാൻ ഇന്ത്യ തീരുമാനമെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡൽഹിയിലെ വസതിയിൽ ചേർന്ന അടിയന്തര ഉന്നതതല യോഗത്തിലാണ് തീരുമാനം. ഭീകരരെ നേരിടാനുള്ള സമയവും രീതിയും ലക്ഷ്യവും സൈന്യത്തിന് നിശ്ചയിക്കാം. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് അനിൽ ചൗഹാൻ, ദേശീയ സുരക്ഷാ മേധാവി അജിത് ഡോവൽ എന്നിവരാണ് പ്രധാനമന്ത്രിയെ കൂടാതെ യോ​ഗത്തിൽ പങ്കെടുത്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com