രാജസ്ഥാനില്‍ പാക് റേഞ്ചര്‍ പിടിയില്‍; കസ്റ്റഡിയിലെടുത്തത് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയെന്ന് റിപ്പോര്‍ട്ട്

ബിഎസ്എഫ് ജവാനെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത് ഒരാഴ്ചയ്ക്കിപ്പുറമാണ് പാക് റേഞ്ചര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലായിരിക്കുന്നത്
രാജസ്ഥാനില്‍ പാക് റേഞ്ചര്‍ പിടിയില്‍; കസ്റ്റഡിയിലെടുത്തത് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയെന്ന് റിപ്പോര്‍ട്ട്
Published on



രാജസ്ഥാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ റേഞ്ചര്‍ പിടിയിലായതായി റിപ്പോര്‍ട്ട്. അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ ബിഎസ്എഫിന്റെ പിടിയിലായതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ നിന്നാണ് പാക് റേഞ്ചര്‍ പിടിയിലായത്. അതിര്‍ത്തി പ്രദേശങ്ങളില്‍ ചാരവൃത്തി നടത്തുന്നതിനിടെയാണ് ബിഎസ്എഫ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അബദ്ധത്തില്‍ നിയന്ത്രണരേഖ കടന്ന ബിഎസ്എഫ് ജവാനെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത് ഒരാഴ്ചയ്ക്കിപ്പുറമാണ് പാക് റേഞ്ചര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലായിരിക്കുന്നത്.

26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളായിരുന്നു. നയതന്ത്ര തലത്തില്‍ ഇന്ത്യ കടുത്ത നടപടികള്‍ സ്വീകരിച്ചത്, അതിര്‍ത്തിയിലും പ്രതിഫലിച്ചിരുന്നു. അങ്ങനെയാണ് ഏപ്രില്‍ 23ന് അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ബിഎസ്എഫ് 182-ാം ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ പൂര്‍ണം കുമാര്‍ ഷായെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തത്. ഫിറോസ്‍പുർ അതിർത്തിക്കു സമീപത്തുനിന്നായിരുന്നു ഷാ പാക് സേനയുടെ പിടിയിലായത്. ഷായുടെ മോചനത്തിനായി നിരവധി റൗണ്ട് ചര്‍ച്ചകള്‍ നടന്നെങ്കിലും ഒന്നും ഫലവത്തായില്ല. അതിനിടെയാണ് പാക് റേഞ്ചര്‍ പിടിയിലായിരിക്കുന്നത്.

ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്ഥാനെതിരെ കടുത്ത നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്. നയതന്ത്ര ബന്ധം പാടെ ഉപേക്ഷിച്ച ഇന്ത്യ സിന്ധു ജല ഉടമ്പടി റദ്ദാക്കിയിരുന്നു. ഇന്ത്യക്കും പാകിസ്ഥാനും ഇടയിലുള്ള ഏക വ്യാപാര പാതയായ വാഗ-അട്ടാരി അതിർത്തിയും അടച്ചു. പിന്നാലെ, ഷിംല കരാറില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറി. തുടര്‍ നടപടികളില്‍ പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി നിരോധിച്ച ഇന്ത്യ, പാക് കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ വിലക്കും ഏര്‍പ്പെടുത്തി. വാണിജ്യ, ചരക്ക് ഗതാഗത്തെ വരിഞ്ഞുമുറുക്കിയതിനു പിന്നാലെ, പാകിസ്ഥാനുമായുള്ള തപാല്‍ ഇടപാടുകളും ഇന്ത്യ നിര്‍ത്തിവെച്ചു. വ്യോമ, ഉപരിതല മാർഗങ്ങളിലൂടെയുള്ള കത്തുകളുടെയും പാഴ്സലുകളുടെയും കൈമാറ്റം നിര്‍ത്തിവെച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ്. ഒറ്റ ദിവസത്തിലാണ് ഒന്നിനു പിറകെ ഒന്നായി ഇന്ത്യ കടുത്ത നടപടികള്‍ സ്വീകരിച്ചത്. പാകിസ്ഥാന്റെ വാണിജ്യമേഖലയെയാകെ ബാധിക്കുന്നതാണ് ഇന്ത്യയുടെ നടപടികള്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com