"തന്ത്രപരമായ മിടുക്ക്"; പുൽവാമ ഭീകരാക്രമണത്തിൽ പങ്ക് സമ്മതിച്ച് പാകിസ്ഥാൻ

ഓപ്പറേഷൻ സിന്ദൂറിനെതിരായ വാർത്താസമ്മേളനത്തിനിടെയായിരുന്നു പാക് സൈനിക ഉന്നത ഉദ്യോഗസ്ഥൻ കുറ്റസമ്മതം നടത്തിയത്
"തന്ത്രപരമായ മിടുക്ക്"; പുൽവാമ ഭീകരാക്രമണത്തിൽ പങ്ക് സമ്മതിച്ച് പാകിസ്ഥാൻ
Published on

പുൽവാമ ഭീകരാക്രമണത്തിലെ പങ്ക് സമ്മതിച്ച് പാകിസ്ഥാൻ. ഓപ്പറേഷൻ സിന്ദൂറിനെതിരായ വാർത്താസമ്മേളനത്തിനിടെയായിരുന്നു പാക് സൈനിക ഉന്നത ഉദ്യോഗസ്ഥൻ കുറ്റസമ്മതം നടത്തിയത്. പാക് സൈന്യത്തിന്റെ തന്ത്രപരമായ മിടുക്ക് എന്നാണ് പുൽവാമ ആക്രമണത്തെ മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ കഴിഞ്ഞദിവസം വിശേഷിപ്പിച്ചത്.


2019 ഫെബ്രുവരി 14ന് പുൽവാമയിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഇന്ത്യക്ക് 40 സിആർപിഎഫ് ജവാന്മാരെയാണ് നഷ്ടമായത്. ഭീകരാക്രമണത്തിലെ പാകിസ്ഥാൻ പങ്ക് അന്നുമുതൽക്കേ ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും പാകിസ്ഥാൻ അത് ഏറ്റെടുക്കാൻ തയ്യാറായില്ല. കര,വ്യോമ ,നാവിക അതിർത്തികളിൽ പാകിസ്ഥാന് ഭീഷണിയുണ്ടായാൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടിയ പാകിസ്ഥാൻ എയർഫോഴ്‌സ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ജനറൽ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദാണ് പുൽവാമയിലെ പാക് പങ്ക് വ്യക്തമാക്കിയത്.


"സായുധസേനകളിലുള്ള പാകിസ്ഥാൻ പൗരന്മാരുടെ വിശ്വാസം ഞങ്ങൾ എന്നും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. പുൽവാമയിലെ തന്ത്രപരമായ മികവിലൂടെ ഞങ്ങൾ അത് അറിയിക്കാൻ ശ്രമിച്ചു. ഇപ്പോഴത്തെ നടപടികളിലൂടെ അക്കാര്യത്തിലെ പ്രവർത്തന പുരോഗതിയും ചാതുര്യവും എന്താണെന്ന് തെളിയിച്ചു", എന്നായിരുന്നു പാക് ഉന്നത ഉദ്യോഗസ്ഥന്റെ പ്രതികരണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.


ഭീകരസംഘടന ജെയ്ഷെ മുഹമ്മദിന്റെ ചാവേർആക്രമണമാണ് പുൽവാമയിൽ 40 ഇന്ത്യൻ സൈനികരുടെ ജീവനെടുത്തത്. ചാവേർ ആദിൽ മുഹമ്മദിൻ്റെ പാക് ബന്ധം ചൂണ്ടിക്കാട്ടിയിട്ടും അന്നത്തെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉൾപ്പെടെ ആ ആരോപണം തള്ളിക്കളയുകയാണ് ഉണ്ടായത്. പുൽവാമ ആക്രമണത്തിന് പിന്നാലെ ബാലക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് ഭീകരക്യാമ്പിന് നേരെ ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് നടത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com