
ചാംപ്യൻസ് ട്രോഫിലെ പാകിസ്ഥാൻ-ബംഗ്ലാദേശ് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ നിലവിലെ ചാംപ്യൻമാരുടെ പേരിൽ രണ്ട് മോശം റെക്കോഡുകൾ കൂടി ചാർത്തിക്കിട്ടി. ചാംപ്യൻസ് ട്രോഫിയുടെ ചരിത്രത്തിലെ തന്നെ നിലവിലെ ചാംപ്യൻമാരുടെ ഏറ്റവും മോശം പ്രകടനമാണ് പാകിസ്ഥാൻ കാഴ്ചവച്ചത്. ഒരു ജയം പോലും കണ്ടെത്താനാകാതെ പുറത്താകുന്ന ആദ്യ ആതിഥേയ രാജ്യം കൂടിയാണ് പാകിസ്ഥാനിപ്പോൾ. ടൂർണമെന്റിൽ നിന്ന് മടങ്ങുമ്പോൾ മഴമൂലം കളി മുടങ്ങിയതിനാൽ കിട്ടിയ ഒരു പോയിന്റ് മാത്രമാണ് പാകിസ്ഥാന്‍റെ സമ്പാദ്യം.
ടൂർണമെന്റിലെ ആദ്യ രണ്ട് കളികളും പാകിസ്ഥാൻ പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് 60 റൺസിനാണ് വിജയിച്ചത്. 320 എന്ന താരതമ്യേന വലിയ സ്കോർ പിന്തുടർന്ന പാകിസ്ഥാന്റെ കളി 48-ാം ഓവറിന്റെ രണ്ടാം പന്തിൽ അവസാനിച്ചു. 260 റൺസ് നേടാനെ പാക് നിരയ്ക്ക് സാധിച്ചുള്ളൂ. ബാബര്‍ അസം (64), സല്‍മാന്‍ ആഗ (42), ഖുഷ്ദില്‍ ഷാ (69), ഫഖര്‍ സമന്‍ (24)എന്നിവർ മികച്ച ബാറ്റിങ് പ്രകടനം കാഴ്ച വെച്ചെങ്കിലും വിജ്യലക്ഷ്യം കണ്ടെത്താനായില്ല.
ഫെബ്രുവരി 23ന് നടന്ന ഗ്രൂപ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ആയിരുന്നു പാകിസ്ഥാന്‍റെ എതിരാളികൾ. പാകിസ്ഥാന് ഈ മത്സരം അഭിമാന പോരാട്ടം മാത്രമായിരുന്നില്ല ടൂർണമെന്റിൽ നിലനിൽക്കാനുള്ള കച്ചിത്തുമ്പ് കൂടിയായിരുന്നു. എന്നാൽ പാകിസ്ഥാൻ ഉയർത്തിയ 242 റണ്‍സിന്‍റെ വിജയലക്ഷ്യം 45 പന്തുകൾ ശേഷിക്കേ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 111 പന്തിൽ സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയുടെ ക്ലാസ് ബാറ്റിങ്ങാണ് പാകിസ്ഥാനെ ഇല്ലാതാക്കിയത്. 56 റൺസ് നേടിയ ശ്രേയസ് അയ്യരും 46 റൺസ് അടിച്ചെടുത്ത ശുഭ്മാൻ ഗില്ലും കോഹ്ലിക്ക് മികച്ച ബാറ്റിങ് പിന്തുണ കൂടി നൽകിയപ്പോൾ വിജയം പാകിസ്ഥാന് അകലെയായി.
ബംഗ്ലാദേശിനെതിരായുള്ള റാവൽപിണ്ടിയിലെ അവസാനം മത്സരം മഴയും എടുത്തതോടെ -1.087 ആണ് പാകിസ്താന്റെ നെറ്റ് റൺ റേറ്റ്. ഗ്രൂപ് ബിയിലെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരുമാണ് പാകിസ്ഥാൻ. 2013 ചാംപ്യൻസ് ട്രോഫിയിൽ ഒരു പോയിന്റും പോയിന്റ് പട്ടികയിലെ അവസാന സ്ഥാനവുമായി മടങ്ങിയ ഓസ്ട്രേലിയൻ ടീമിനെയാണ് മോശം പ്രകടനത്തിന്‍റെ കാര്യത്തില്‍ പാകിസ്ഥാന്‍ മറികടന്നത്. -0.680 ആയിരുന്നു ഓസീസിന്‍റെ നെറ്റ് റണ്‍ റേറ്റ്.