വീണ്ടും ഒരു ഇന്ത്യാ-പാക് പോരാട്ടത്തിന് കളമൊരുങ്ങുന്നു; മത്സരങ്ങൾ 'നിഷ്പക്ഷ' വേദിയിലോ?

പാകിസ്ഥാന്‍ ആതിഥേയത്വം വഹിച്ച 2008ലെ ഏഷ്യാ കപ്പിലാണ് ഇന്ത്യ അവസാനമായി അയല്‍രാജ്യത്ത് കളിച്ചത്
വീണ്ടും ഒരു ഇന്ത്യാ-പാക് പോരാട്ടത്തിന് കളമൊരുങ്ങുന്നു; മത്സരങ്ങൾ 'നിഷ്പക്ഷ' വേദിയിലോ?
Published on

ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ പോരാട്ടം ആര് തമ്മിലാണെന്ന് ചോദിച്ചാല്‍, അതിന് ഒറ്റ ഉത്തരമേ ഉള്ളു, ഇന്ത്യയും പാകിസ്ഥാന്‍ മത്സരം. ഇക്കഴിഞ്ഞ ചാംപ്യന്‍സ് ട്രോഫിയിലാണ് ഇന്ത്യന്‍ ടീം അവസാനമായി പാകിസ്ഥാനുമായി ഏറ്റുമുട്ടിയത്. പാകിസ്ഥാന്‍ ആതിഥേയത്വം വഹിച്ച ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ നടന്നത് നിഷ്പക്ഷ വേദിയായ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ്. പാക് മണ്ണില്‍ കളിക്കാന്‍ ഇന്ത്യന്‍ ടീം തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലേക്ക് മാറ്റിയത്.


പാക് മണ്ണില്‍ ഇന്ത്യന്‍ ടീം കളിച്ചിട്ട് 16 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. പാകിസ്ഥാന്‍ ആതിഥേയത്വം വഹിച്ച 2008 ലെ ഏഷ്യാ കപ്പിലാണ് ഇന്ത്യ അവസാനമായി അയല്‍രാജ്യത്ത് കളിച്ചത്. 2008 ലെ മുംബൈ ഭീകരാക്രമണവും, തുടര്‍ന്നു വന്ന സുരക്ഷാപ്രശ്നങ്ങളും കാരണം പീന്നീട് പാകിസ്ഥാനില്‍ ഇന്ത്യന്‍ ടീം പര്യടനം നടത്തിയിട്ടില്ല. എന്നാൽ ഇപ്പോഴിതാ, പാക് ടീമിന് ഇന്ത്യയില്‍ കളിക്കാന്‍ സാഹചര്യം ഒരുങ്ങുകയാണ്, പുരുഷ ടീം അല്ലെന്നുമാത്രം.

2025ലെ വനിതാ ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കെയാണ് വീണ്ടുമൊരു ഇന്ത്യാ-പാക്ക് പോരാട്ടത്തിന് വഴിതെളിയുന്നത്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ തായ്‌ലന്‍ഡിനെതിരെ 67 റണ്‍സിന്റെ വിജയത്തോടെ പാകിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ടീം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2025ലെ ഐസിസി വനിതാ ലോകകപ്പില്‍ യോഗ്യത നേടിയത്. യോഗ്യതാ ടൂര്‍ണമെന്റിലെ നാല് മത്സരങ്ങളും ജയിച്ചാണ് പാകിസ്ഥാന്‍ ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചിരിക്കുന്നത്. ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ്, തായ്‌ലന്‍ഡ് എന്നിങ്ങനെ ആറ് രാജ്യങ്ങൾക്കിടയിൽ നടന്ന മത്സരങ്ങളിൽ നിന്നാണ് ലോകകപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി പാകിസ്ഥാന്‍ മാറിയത്.

പാകിസ്ഥാനില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ നടത്തിയതിനാല്‍, പാകിസ്ഥാനും ഇതേ നിലപാട് സ്വീകരിക്കാനാണ് സാധ്യത. ഇതാണ് ബിസിസിയെ കുഴപ്പിക്കുന്നത്.   2027 വരെയുള്ള ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ നടത്താന്‍ ഐസിസിയുടെ മധ്യസ്ഥതയില്‍ ചേര്‍ന്ന യേഗത്തില്‍ ഇരു രാജ്യങ്ങളുടെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ തീരുമാനമെടുത്തിരുന്നു, ഈ സാഹചര്യത്തില്‍ പാകിസ്ഥാനില്‍ നടന്ന 2025ലെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ നടത്തിയത് പോലെ, പാകിസ്ഥാന്റെ മത്സരങ്ങളും ഒരു നിഷ്പക്ഷ വേദിയില്‍ നടത്താന്‍ ബിസിസിഐ നിര്‍ബന്ധിതരാകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com