
ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കുന്നതിനെപ്പറ്റി ചർച്ച ചെയ്യാൻ യോഗം വിളിച്ചു ചേർത്തിട്ടില്ലെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്ഥാന്റെ നാഷണൽ കമാൻഡ് അതോറിറ്റി യോഗം ചേരുന്നതായി വാർത്തകൾ വന്നതിനു പിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ പ്രതികരണം. ആണവായുധ ശേഖരത്തിന് മേൽനോട്ടം വഹിക്കുന്ന രാജ്യത്തെ ഉന്നത സൈനിക സമിതിയാണ് നാഷണൽ കമാൻഡ് അതോറിറ്റി.
പാക് ആക്രമണങ്ങൾക്ക് ഇന്ത്യ തിരിച്ചടി നൽകിയതിനു പിന്നാലെയാണ് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ആണവായുധ സമിതിയുടെ യോഗം വിളിച്ചു ചേർത്തതായി പാകിസ്ഥാൻ സൈന്യം അറിയിച്ചത്. ഇതോടെ ഇന്ത്യ-പാക് സംഘർഷം ആണവ യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന പ്രചരണമുണ്ടായി. എന്നാൽ, എആർവൈ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഇത്തരം പ്രചരണങ്ങൾ തള്ളി പാകിസ്ഥാൻ പ്രതിരോധ മന്ത്രി തന്നെ രംഗത്തെത്തി.
"നാഷണൽ കമാൻഡ് അതോറിറ്റിയുടെ ഒരു മീറ്റിങ്ങും നടന്നിട്ടില്ല, അത്തരമൊരു മീറ്റിങ്ങും ഷെഡ്യൂൾ ചെയ്തിട്ടില്ല," ഖ്വാജ ആസിഫ് പറഞ്ഞു. ആണവ ഓപ്ഷൻ ചർച്ചയിൽ ഇല്ലെന്നും, എന്നാൽ അത്തരമൊരു സാഹചര്യം ഉണ്ടായാൽ, അത് "നിരീക്ഷകരെയും" ബാധിക്കുമെന്ന് ആസിഫ് ജിയോ ന്യൂസിനോട് പറഞ്ഞു.
അതേസമയം, ഇന്ത്യ തുടർ ആക്രമണങ്ങൾ നടത്താതിരുന്നാൽ പാകിസ്ഥാൻ നടപടി അവസാനിപ്പിക്കാമെന്ന് പാക് വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഇഷാഖ് ധറും അറിയിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ പാക് വിദേശകാര്യമന്ത്രി ഈ സന്ദേശം അറിയിച്ചതായും അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ക്ഷമയുടെ പരിധി കടന്നതിനാലാണ് പാകിസ്ഥാൻ പ്രതികരിച്ചതെന്ന് ഇഷാഖ് ധർ പറഞ്ഞു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യ- പാക് ഭരണാധികാരികളുമായി സംസാരിച്ചതിനു പിന്നാലെയായിരുന്നു ഇഷാഖ് ധറിന്റെ പ്രതികരണം. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, പാക് സൈനിക മേധാവി അസിം മുനീർ, പാക് ഉപപ്രധാനമന്ത്രി ഇഷാക് ധർ എന്നിവരുമായാണ് റൂബിയോ ഫോണിൽ സംസാരിച്ചത്. ഇതിനു പിന്നാലെയാണ് പാക് നേതാക്കള്‍ പ്രതികരണങ്ങളില്‍ അയവു വരുത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ ക്രിയാത്മകമായ ചർച്ചകൾക്ക് സഹായിക്കാമെന്നാണ് യുഎസിന്റെ വാഗ്ദാനം. ഇരുപക്ഷവും സംഘർഷം ലഘൂകരിക്കാനും തെറ്റിദ്ധാരണകൾ ഒഴിവാക്കാനും നേരിട്ടുള്ള ആശയവിനിമയം പുനഃസ്ഥാപിക്കണമെന്ന് റൂബിയോ ആവശ്യപ്പെട്ടു. ഭാവിയിലെ തർക്കങ്ങൾ ഒഴിവാക്കുന്നതിനായി ഫലപ്രദമായ ചർച്ചകൾ സാധ്യമാക്കുന്നതിൽ യുഎസ് പിന്തുണയുണ്ടാകുമെന്നും സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.