പാകിസ്ഥാന്‍ ഉപയോഗിച്ചത് കാമിക്കാസേ ഡ്രോണുകൾ; വെടിവെച്ചിട്ട് ഇന്ത്യ

ഇന്നലെ രാത്രി പഞ്ചാബിലെ ഫിറോസ്‌പൂരിൽ പാകിസ്ഥാൻ ഡ്രോൺ ജനവാസ മേഖലയിൽ പതിച്ചതിനെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർക്കാണ് പരിക്കേറ്റത്
സൈന്യം നശിപ്പിച്ച കാമിക്കാസേ ഡ്രോണുകളുടെ അവശിഷ്ടം
സൈന്യം നശിപ്പിച്ച കാമിക്കാസേ ഡ്രോണുകളുടെ അവശിഷ്ടം
Published on

ഇന്ത്യയിലേക്കുള്ള ഡ്രോണാക്രമണത്തിന് പാകിസ്ഥാൻ ഉപയോഗിച്ചത് കാമിക്കാസേ ഡ്രോണുകൾ. ബൈക്കർ യിഹാ III ടൈപ്പ് കാമിക്കാസേ ഡ്രോണുകളാണ് പാകിസ്ഥാൻ ഉപയോഗിച്ചത്. പഞ്ചാബിലെ അമൃത്സറിലാണ് ഈ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയത്.


ഇന്ന് പുലർച്ചെ 5 മണിക്ക് അമൃത്സറിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയായിരുന്നു പാക് ആക്രമണങ്ങൾ. സൈന്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം ഈ ശ്രമം പരാജയപ്പെടുത്തി. ആകാശത്ത് വെച്ചുതന്നെ ഡ്രോണുകൾ നശിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രി പഞ്ചാബിലെ ഫിറോസ്‌പൂരിൽ പാകിസ്ഥാൻ ഡ്രോൺ ജനവാസ മേഖലയിൽ പതിച്ചതിനെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. 


ജമ്മു സെക്ടറിലെ ബിഎസ്എഫ് പോസ്റ്റിന് നേരെ യാതൊരു പ്രകോപനവും ഇല്ലാതെയാണ് ഇന്നലെ രാത്രി ഒമ്പത് മണിയോടെ പാക് ആക്രമണം ആരംഭിച്ചത്. അതോടെ ബിഎസ്എഫ് തിരിച്ചടിച്ചു. അതിർത്തിയിലെ പാക് റെയ്ഞ്ചേഴ്സിൻ്റെ പോസ്റ്റുകൾക്ക് ഉൾപ്പെടെ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്. ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാനുള്ള ദൃഢനിശ്ചയം അചഞ്ചലമാണെന്നും ബിഎസ്എഫ് വ്യക്തമാക്കി. പാകിസ്ഥാനിലെ സിയാൽകോട്ടിലെ ലൂണിയിലുള്ള ഭീകരരുടെ ലോഞ്ച് പാഡും പൂർണമായി നശിപ്പിച്ചതായി ബിഎസ്എഫ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഗുജറാത്തിലെ കച്ച് സെക്ടറിൽ പാകിസ്ഥാൻ സൈന്യത്തിന്റെ സായുധ ഡ്രോൺ ഇന്ത്യൻ സൈന്യം എൽ-70 വ്യോമ പ്രതിരോധ തോക്കുകൾ ഉപയോഗിച്ച് വിജയകരമായി തകർത്തതായും പ്രതിരോധ വൃത്തങ്ങൾ അറിയിക്കുന്നു.

ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യാ-പാകിസ്ഥാൻ സംഘർഷം തുടരുന്നതിനിടെ തുടർച്ചയായ മൂന്നാം ദിനവും രാത്രിയില്‍ അതിർത്തിയിൽ പാകിസ്ഥാൻ പ്രകോപനം തുടരുകയായിരുന്നു. മെയ് 7, 8 തീയതികളില്‍ 300 മുതൽ 400 വരെ ഡ്രോണുകൾ ഉപയോ​ഗിച്ച് 36 സ്ഥലങ്ങളിൽ പാകിസ്ഥാൻ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തില്‍ കേണൽ സോഫിയ ഖുറേഷി അറിയിച്ചിരുന്നു. പശ്ചിമ അതിർത്തി പ്രദേശത്തെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് പാക് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്ഥാൻ പല തവണ വെടിനിർത്തൽ കരാർ ലംഘിച്ചതായും ഇന്ത്യൻ സേന സ്ഥിരീകരിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com