"അവർ സ്വാതന്ത്ര്യസമര പോരാളികൾ"; ഭീകരരെ വാഴ്ത്തി പാകിസ്ഥാൻ ഉപ പ്രധാനമന്ത്രി ഇസ്ഹാഖ് ദാർ

പാകിസ്ഥാനിലേക്കുള്ള വെള്ളം തടഞ്ഞാല്‍ യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്നും ഇസ്ഹാഖ് ദാർ മുന്നറിയിപ്പ് നൽകി
"അവർ സ്വാതന്ത്ര്യസമര പോരാളികൾ"; ഭീകരരെ വാഴ്ത്തി പാകിസ്ഥാൻ ഉപ പ്രധാനമന്ത്രി ഇസ്ഹാഖ് ദാർ
Published on

പഹൽഗാം ആക്രമണത്തിൽ ഭീകരരെ വാഴ്ത്തി പാകിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത ഭീകരൻമാരെ സ്വാതന്ത്ര്യസമര പോരാളികളെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് പാകിസ്ഥാൻ ഉപ പ്രധാനമന്ത്രി ഇസ്ഹാഖ് ദാർ. ഇസ്ലാമാബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു  ഇസ്ഹാഖ് ദാറിൻ്റെ പ്രസ്താവന.

ഇന്ത്യ-പാക് നയതന്ത്ര ബന്ധം വഷളാകുന്നതിനിടെയാണ് പാകിസ്ഥാൻ്റെ പ്രകോപനപരമായ പ്രസ്താവനയെത്തുന്നത്. "നമ്മൾ നന്ദിയുള്ളവരായിരിക്കണം. അവരും സ്വാതന്ത്ര്യസമരസേനാനികൾ ആയിരിക്കാം. നമുക്കറിയില്ല. എന്തായാലും രാജ്യത്തുണ്ടായ ആഭ്യന്തര പരാജയങ്ങൾക്ക്, ഇന്ത്യ പാകിസ്ഥാനെ പരോക്ഷമായി കുറ്റപ്പെടുത്താൻ ശ്രമിക്കുകയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്,"- ഇങ്ങനെയായിരുന്നു ഇസ്ഹാഖ് ദാറിൻ്റെ പ്രസ്താവന. ഇന്ത്യ നേരിട്ടുള്ള ആക്രമണത്തിന് മുതിർന്നാല്‍ തിരിച്ചടിക്കുമെന്ന ഭീഷണിയും ഇസ്‌ഹാഖ് ദാർ ഉയർത്തി.

വെള്ളം തടഞ്ഞാല്‍ യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്ന് പാകിസ്ഥാൻ ഉപ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. പാകിസ്ഥാനിലെ 240 ദശലക്ഷം ആളുകൾക്ക് വെള്ളം ആവശ്യമുണ്ട്. ഇന്ത്യക്ക് ഇത് തടയാൻ കഴിയില്ല. ഇത് ഒരു യുദ്ധത്തിന് തുല്യമാണ്. ഇത് പാകിസ്ഥാൻ അംഗീകരിക്കില്ലെന്നും ഇഷാഖ് ദാർ പറഞ്ഞു.

സിന്ധു നദീജല കരാർ താൽക്കാലികമായി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ തിരക്കിട്ട ആലോചനകൾ നടക്കുകയാണ്. സിന്ധു നദീജല കരാർ താൽക്കാലികമായി റദ്ദാക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നതിനായി ഇന്ന് വൈകിട്ട് അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ.

അതേസമയം ജമ്മു കശ്മീരിലെ ബന്ദിപ്പോരയിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്‌കർ ഇ ത്വയ്ബ കമാന്‍ഡറെ ഇന്ത്യൻ സൈന്യം വധിച്ചു. എല്‍ഇടി കമാന്‍ഡർ അല്‍ത്താഫ് ലല്ലിയെ വധിച്ചെന്ന് സൈന്യം അറിയിച്ചു.

കുൽനാർ ബാസിപോര മേഖലയില്‍ ഭീകരസാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നുള്ള തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒളിച്ചിരുന്ന ഭീകരർ സൈനികർക്ക് നേരെ വെടിയുതിർത്തു. മേഖലയില്‍ സൈന്യത്തിൻ്റെ തിരച്ചില്‍ തുടരുകയാണ്. വനമേഖലയില്‍ 5 ഓളം ഭീകരർ ഒളിച്ചിരിക്കുന്നതായി സൂചന.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com