"ഞങ്ങൾക്ക് സമാധാനം വേണം"; ഇന്ത്യയുമായി ചർച്ചകള്‍ക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി

വ്യാപാരം, ജലക്കരാർ എന്നിവയെപ്പറ്റി സംസാരിക്കാന്‍ സന്നദ്ധത അറിയിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഭീകരവാദത്തിനെതിരെയും ചർച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി
ഷഹ്ബാസ് ഷെരീഫ്
ഷഹ്ബാസ് ഷെരീഫ്
Published on

ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സമാധാന ചർച്ചകളിൽ ഏർപ്പെടാൻ സന്നദ്ധത അറിയിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. കശ്മീർ, ഭീകരവാദം, ജലം പങ്കിടൽ, വ്യാപാരം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച നടത്താനാണ് പാക് പ്രധാനമന്ത്രി സന്നദ്ധത അറിയിച്ചിരിക്കുന്നത്. ചതുർരാഷ്ട്ര പര്യടനത്തിന്റെ രണ്ടാം പാദത്തിനിടെ ഇറാനിൽ വെച്ചായിരുന്നു ഷഹ്ബാസ് ഷെരീഫിന്റെ പ്രസ്താവന.


"ഞങ്ങൾക്ക് സമാധാനം വേണം, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പാസാക്കിയ പ്രമേയങ്ങൾ പ്രകാരം, കശ്മീർ പ്രശ്നം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും ചർച്ചകളിലൂടെ മേഖലയിൽ സമാധാനത്തിനായി പ്രവർത്തിക്കാനും ഞങ്ങൾ ശ്രമിക്കും...," ഷഹ്ബാസ് ഷെരീഫ് പറഞ്ഞു.  1954ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു കശ്മീരില്‍ ജനഹിത പരിശോധനയ്ക്ക് തയ്യാറായതായും ഷഹ്ബാസ് ഷെരീഫ് കൂട്ടിച്ചേർത്തു.

വ്യാപാരം, ജലകരാർ എന്നിവയെപ്പറ്റി സംസാരിക്കാന്‍ സന്നദ്ധത അറിയിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഭീകരവാദത്തിനെതിരെയും ചർച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി. എന്നാല്‍, അതിർത്തി സംഘർഷങ്ങളില്‍ ഇന്ത്യയെ പ്രതിക്കൂട്ടില്‍ നിർത്തുന്ന ആഖ്യാനം ആവർത്തിക്കാനും ഷഹ്ബാസ് മറന്നില്ല. ഇന്ത്യ ആക്രമണം തുടർന്നാല്‍ കുറച്ചു ദിവസം മുന്‍പ് സംഭവിച്ചതുപോലെ തിരിച്ചടിക്കുമെന്നായിരുന്നു ഷഹ്ബാസ് ഷെരീഫിന്‍റെ പ്രസ്താവന. 

ഇന്ത്യയുമായുള്ള സൈനിക സംഘർഷത്തിൽ പാകിസ്ഥാനെ പിന്തുണച്ചതിന് നന്ദി പ്രകടിപ്പിക്കുന്നതിനായാണ് പാക് പ്രധാനമന്ത്രിയുടെ ചതുർരാഷ്ട്ര പര്യടനം. സന്ദ‍ർശനത്തിന്റെ ഭാ​ഗമായി ഇറാനിലെത്തിയ ഷഹ്ബാസ് ഷെരീഫിന് ​ഗാർഡ് ഓഫ് ഓണർ നൽകിയാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചത്. ഇന്ത്യയുമായുള്ള സൈനിക സംഘർഷത്തിൽ പെസഷ്കിയാൻ നൽകിയ പിന്തുണയ്ക്ക് പാക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. വിവിധ മേഖലകളിൽ ഇറാനുമായുള്ള ബന്ധം ഉൽപ്പാദനക്ഷമമായ സഹകരണമാക്കി മാറ്റാൻ തീരുമാനിച്ചതായും സംയുക്തവാർത്താ സമ്മേളനത്തിൽ ഷഹ്ബാസ് ഷെരീഫ് വ്യക്തമാക്കി. ഇറാന്‍റെ പരമോന്നത നേതാവായ ആയത്തൊള്ള ഖമേനിയുമായും പാകിസ്ഥാന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com