അതിർത്തിയില്‍ വീണ്ടും പാക് പ്രകോപനം; നിയന്ത്രണ രേഖയ്ക്ക് സമീപം വെടിവെപ്പ്, തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

ജമ്മു കശ്മീരിലെ പഹൽ​ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെയാണ് അതിർത്തിയിലെ പാക് വെടിവെപ്പ്
അതിർത്തിയില്‍ വീണ്ടും പാക് പ്രകോപനം; നിയന്ത്രണ രേഖയ്ക്ക് സമീപം വെടിവെപ്പ്, തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം
Published on

അതി‍ർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ. കുപ്‌വാര, പൂഞ്ച് എന്നിവിടങ്ങളിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാൻ വെടിയുതിർത്തു. ഇന്നലെ അർധരാത്രിയോടെയായിരുന്നു വെടിവെപ്പ്. ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു. തുടർച്ചയായ നാലാം ദിവസമാണ് വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ടുള്ള പാക് പ്രകോപനം. പൂഞ്ച് സെക്ടറിൽ ആദ്യമായാണ് പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിക്കുന്നത്.

ജമ്മു കശ്മീരിലെ പഹൽ​ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെയാണ് അതിർത്തിയിലെ പാക് വെടിവെപ്പ്. പുൽവാമ സംഭവത്തിന് ശേഷം ജമ്മു കശ്മീരിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു പഹൽഗാമിൽ നടന്നത്. ഭീകരാക്രമണത്തിൽ പാകിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലഷ്‌കർ-ഇ-ത്വയ്ബയുമായി ബന്ധമുള്ള ദ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ പങ്ക് പുറത്തുവന്നതോടെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്.

നിരവധി കർശന നടപടികളാണ് ഇന്ത്യ പാകിസ്ഥാനെതിരെ സ്വീകരിച്ചിട്ടുള്ളത്. പാകിസ്ഥാൻ സൈനിക അറ്റാഷേകളെ പുറത്താക്കൽ, ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കൽ, അട്ടാരി ലാൻഡ്-ട്രാൻസിറ്റ് പോസ്റ്റ് ഉടനടി അടച്ചുപൂട്ടൽ എന്നിവയാണ് ആദ്യ ഘട്ടമായി ഇന്ത്യ കൈക്കൊണ്ട നടപടികൾ. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന ക്യാബിനറ്റ് സുരക്ഷാ കമ്മിറ്റിയാണ് പാകിസ്ഥാനുള്ള തിരിച്ചടികളിൽ തീരുമാനമെടുത്തത്. മറുപടിയായി ഷിംല കരാർ ഉൾപ്പെടെ ഇന്ത്യയുമായുള്ള എല്ലാ ഉഭയകക്ഷി കരാറുകളും പാകിസ്ഥാനും നിർത്തിവെച്ചിരിക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com