
ഇന്ത്യയുമായി കാലാവസ്ഥാ വിഷയത്തില്‍ നയതന്ത്ര ചർച്ച വേണമെന്ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി മറിയം നവാസ് ഷെരീഫ്. 10 വർഷത്തിനിടെ ആദ്യമായി ഇന്ത്യയുടെ വിദേശകാര്യമന്ത്രി പാകിസ്ഥാന്‍ സന്ദർശിക്കാനിരിക്കെയാണ് മറിയം ഷെരീഫ് തന്‍റെ നയതന്ത്ര നിലപാട് വ്യക്തമാക്കിയത്.
മഞ്ഞുകാലത്ത് മൂടല്‍മഞ്ഞിൻ്റെ പ്രശ്‌നം ഫലപ്രദമായി നേരിടാൻ ഇന്ത്യയുമായി കാലാവസ്ഥ നയതന്ത്ര ചർച്ച വേണമെന്ന് മറിയം നവാസ് ഷെരീഫ് പറഞ്ഞു. അതിർത്തി കടന്നു വീശുന്ന വിഷമയമായ മൂടല്‍മഞ്ഞിനെ നിയന്ത്രിക്കുന്നതിനായി രണ്ട് രാഷ്ട്രങ്ങളെയും ഏകോപിപ്പിക്കുന്നതിനുള്ള നടപടികൾ ആവശ്യമാണെന്നും മറിയം കൂട്ടിച്ചേർത്തു.
Also Read: മിൽട്ടൺ ചുഴലിക്കാറ്റ് ഫ്ലോറിഡ തീരം തൊട്ടു ; വെള്ളപ്പൊക്ക മുന്നറിയിപ്പ്, നഗരങ്ങളിൽ അടിയന്തരാവസ്ഥ
മഞ്ഞുകാലത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിക്കുന്നതിനെ തുടർന്നാണ് മറിയം ഷെരീഫിന്‍റെ അഭിപ്രായം. ലോകത്തിലെ തന്നെ വായൂ മലിനീകരണം കൂടിയ നഗരങ്ങളില്‍ പെടുന്നവയാണ് പാകിസ്ഥാൻ നഗരമായ ലാഹോറും ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയും.
അടുത്തയാഴ്ച നടക്കുന്ന ഷാങ്ഹായ് കോ- ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചക്കോടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാകിസ്ഥാൻ സന്ദർശിക്കാനിരിക്കെയാണ് നയതന്ത്ര ഇടപെടല്‍ വേണമെന്ന മറിയം ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 10 വർഷത്തിനു ശേഷമാണ് ഇന്ത്യയുടെ വിദേശകാര്യമന്ത്രി പാകിസ്ഥാൻ സന്ദർശിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും 2019 മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മരവിച്ച അവസ്ഥയിലാണ്.