ഇന്ത്യയില്‍ കളിക്കാനില്ല; വനിതാ ലോകകപ്പും ഹൈബ്രിഡ് മോഡലിലാക്കണമെന്ന് പാകിസ്ഥാന്‍

മറ്റൊരു വേദിയില്‍ പാക്കിസ്ഥാന്‍ കളിക്കാന്‍ തയ്യാറാണെന്നും വേദി എവിടെയാണെന്ന് ഐസിസിക്ക് തീരുമാനിക്കാമെന്നുമാണ് പിസിബിയുടെ നിലപാട്
ഇന്ത്യയില്‍ കളിക്കാനില്ല; വനിതാ ലോകകപ്പും ഹൈബ്രിഡ് മോഡലിലാക്കണമെന്ന് പാകിസ്ഥാന്‍
Published on
Updated on

ചാംപ്യന്‍സ് ട്രോഫിക്കായി ആതിഥേയരായ പാകിസ്ഥാനിലേക്ക് പോകില്ലെന്ന് നിലപാടെടുത്ത ഇന്ത്യക്ക് അതേ നാണയത്തില്‍ കാത്തിരുന്ന് മറുപടി നല്‍കിയിരിക്കുകയാണ് പാകിസ്ഥാന്‍. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന വനിതാ ക്രിക്കറ്റ് ലോകകപ്പിനായി പാക് താരങ്ങളെ അയക്കില്ലെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മുഹ്‌സിന്‍ നഖ്‌വി അറിയിച്ചിരിക്കുന്നത്.

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കളിച്ചതു പോലെ, മറ്റൊരു വേദിയില്‍ പാക്കിസ്ഥാന്‍ കളിക്കാന്‍ തയ്യാറാണെന്നും വേദി എവിടെയാണെന്ന് ഐസിസിക്ക് തീരുമാനിക്കാമെന്നുമാണ് പിസിബിയുടെ നിലപാട്.

ചാംപ്യന്‍സ് ട്രോഫിയുടെ വേദിയായിരുന്ന പാകിസ്ഥാനിലേക്ക് നയതന്ത്ര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ താരങ്ങളെ അയക്കാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലായിരുന്നു നടന്നത്. കരാര്‍ ഉണ്ടാകുമ്പോള്‍ അത് പാലിക്കപ്പെടണമെന്നും ഇന്ത്യ പാകിസ്ഥാനിലേക്ക് എത്താതു പോലെ പാകിസ്ഥാന്‍ താരങ്ങള്‍ ഇന്ത്യയിലും കളിക്കാന്‍ തയ്യാറല്ല. അതിനാല്‍ പാകിസ്ഥാനു വേണ്ടി മറ്റൊരു വേദി കണ്ടെത്തണമെന്നാണ് പിസിബിയുടെ ആവശ്യം.

ഈ വര്‍ഷം സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 26 വരെ ഐസിസി വനിതാ ലോകകപ്പ് മത്സരം നടക്കുന്നത്. ലോകകപ്പിനായി പാകിസ്ഥാന്‍ ടീം കഴിഞ്ഞ ദിവസം യോഗ്യത നേടിയിരുന്നു. ഇതിനു പിന്നാലെയാണ് നഖ്‌വിയുടെ പ്രതികരണം.

ലാഹോറില്‍ നടന്ന യോഗ്യതാ മത്സരത്തില്‍ അഞ്ച് മത്സരങ്ങളും ജയിച്ചാണ് പാകിസ്ഥാന്‍ ടൂര്‍ണമെന്റിന് എത്തുന്നത്. അയര്‍ലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, തായ് ലന്‍ഡ്, ബംഗ്ലാദേശ് എന്നീ ടീമുകളെയാണ് പരാജയപ്പെടുത്തിയത്. പാകിസ്ഥാന് പുറമേ, ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക ടീമുകളും ലോകകപ്പിനായി യോഗ്യത നേടിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com