"ഉരുക്കുപോലെ ഉറച്ച ബന്ധം"; വെടിനിർത്തലിന് പിന്നാലെ പാകിസ്ഥാന് പിന്തുണയുമായി ചൈന

ഇഷാഖ് ധറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ചൈന പിന്തുണ അറിയിച്ചത്
"ഉരുക്കുപോലെ ഉറച്ച ബന്ധം"; വെടിനിർത്തലിന് പിന്നാലെ പാകിസ്ഥാന് പിന്തുണയുമായി ചൈന
Published on


ഇന്ത്യ - പാക് സംഘർഷത്തിൽ ചൈനയുടെ പൂർണ പിന്തുണ രാജ്യത്തിനുണ്ടെന്ന് പാകിസ്ഥാൻ. പാകിസ്ഥാന്റെ പരമാധികാരം ഉയർത്തിപ്പിടിക്കുന്നതിൽ ചൈന തുടർന്നും ഒപ്പമുണ്ടാകുമെന്ന് അറിയിച്ചതായി പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ധർ വ്യക്തമാക്കി. ഇഷാഖ് ധറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ചൈന പിന്തുണ അറിയിച്ചത്.

"പാകിസ്ഥാനും ഇന്ത്യയും ചൈനയുടെ അയൽക്കാരാണ്, ഇരുരാജ്യങ്ങളും സംയമനം പാലിക്കണം" ഇന്ത്യ - പാക് സംഘർഷത്തിന്റെ ആദ്യഘട്ടത്തിൽ ചൈന സ്വീകരിച്ച നിലപാട് ഇതാണ്. എന്നാൽ ഇന്നലെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ചൈന രാജ്യത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചുവെന്നാണ് പാകിസ്ഥാന്റെ അവകാശവാദം. ബീജിംഗും ഇസ്ലാമാബാദും തമ്മിൽ ഉരുക്കുപോലെ ഉറച്ച ബന്ധമാണ്. "രാജ്യത്തിൻ്റെ പരമാധികാരം, ദേശീയത, സ്വാതന്ത്ര്യം എന്നിവ ഉയർത്തിപ്പിടിക്കുന്നതിൽ ചൈന ഒപ്പമുണ്ടാകുമെന്ന്" വിദേശകാര്യമന്ത്രി വാങ് യി അറിയിച്ചതായും പാകിസ്ഥാൻ വ്യക്തമാക്കി.

വെടിനിർത്തൽ കരാറിന് ശേഷമുള്ള മേഖലയിലെ സാഹചര്യം പാകിസ്ഥാൻ ചൈനയോട് വിശദീകരിച്ചു. ഏത് കാലാവസ്ഥയിലും ചൈന പാകിസ്ഥാന്റെ തന്ത്രപ്രധാനവും, ഉരുക്കുപോലെ ഉറച്ചതുമായ സഹകരണ പങ്കാളിയാണെന്ന് വാങ് യി വിശേഷിപ്പിച്ചതായും പാകിസ്ഥാൻ വ്യക്തമാക്കി. വെല്ലുവിളികൾ നിറഞ്ഞസാഹചര്യത്തിലും ഉത്തരവാദിത്തതോടെ പെരുമാറിയ പാകിസ്ഥാനെ ചൈന അഭിനന്ദിച്ചു. പാകിസ്ഥാൻ - ചൈന സഹകരണവും ആശയവിനിയമവും തുടരുന്നതിൽ സംഭാഷണം ഊന്നൽ നൽകി എന്നും പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

തുർക്കി, യുഎഇ, സൗദി അറേബ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായും യൂറോപ്യൻ കമ്മീഷനുമായി മേഖലയിലെ സാഹചര്യം ചർച്ച ചെയ്തതായും പാകിസ്ഥാൻ അറിയിച്ചു. പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതിന് പിന്നാലെ ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ചൈനീസ് വിദേശകാര്യമന്ത്രിയും തമ്മിൽ സംസാരിച്ചിരുന്നു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടാക്കിയ വെടിനിർത്തൽ ധാരണ നിലനിൽക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. എല്ലാ തർക്കങ്ങളും ചർച്ചയിലൂടെ പരിഹരിക്കണമെന്നും നിർദേശിച്ചു. മേഖലയിൽ സമാധാനം നിലനിർത്തേണ്ടത് അന്താരാഷ്ട്ര സമൂഹത്തിൻ്റെ കൂടി ആവശ്യമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഊന്നിപ്പറഞ്ഞിരുന്നു. യുദ്ധം ഇന്ത്യയുടെ തെരഞ്ഞെടുപ്പല്ലെന്നും എത്രയും വേഗം പ്രാദേശിക സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ തന്നെയാണ് ഇന്ത്യ താത്പര്യപ്പെടുന്നത് എന്നും അജിത് ദോവൽ ചൈനയെ അറിയിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com