
മെയ് ഏഴിന് ഇന്ത്യ നടത്തിയ ആക്രമണങ്ങൾക്ക് മറുപടി നൽകുന്നതുവരെ ഇന്ത്യയുമായുള്ള സംഘർഷത്തിന് അയവ് വരില്ലെന്ന് പാകിസ്ഥാൻ സൈന്യത്തെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോർട്ട്. സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടന്ന പാകിസ്ഥാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യ തിരിച്ചടിച്ചത്. ആളപായമുണ്ടാകാത്ത വിധം പാക് പട്ടാളത്തിന് കനത്ത തിരിച്ചടി നല്‍കാനായതായി വിങ് കമാൻഡർ വ്യോമിക സിംഗ് അറിയിച്ചിരുന്നു.
ഇന്ത്യക്ക് തങ്ങൾ തെരഞ്ഞെടുക്കുന്ന സ്ഥലത്തും സമയത്തും മറുപടി നൽകുമെന്നാണ് ബുധനാഴ്ച നടന്ന ഒരു വാർത്താ സമ്മേളനത്തില്‍ പാകിസ്ഥാൻ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി ഭീഷണി മുഴക്കിയത്. ലോകം മുഴുവൻ അത് അറിയുമെന്നും അതിന്റെ പ്രതിധ്വനി എല്ലായിടത്തും കേൾക്കുമെന്നും ചൗധരി പറഞ്ഞു. എന്നാല്‍, നിരന്തരമായി മൂന്ന് ദിവസം അതിർത്തി സംസ്ഥാനങ്ങളില്‍ ആക്രമണം നടത്തിയിട്ടും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തെ തകർക്കാന്‍ പാകിസ്ഥാന് സാധിച്ചില്ല. പാക് ഡ്രോണുകളും മിസൈലുകളും ഇന്ത്യ നിർജീവമാക്കുകയും ചെയ്തു.
അതേസമയം, 300 മുതൽ 400 വരെ ഡ്രോണുകൾ ഉപയോഗിച്ച് 36 സ്ഥലങ്ങളിൽ പാകിസ്ഥാൻ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തില്‍ കേണൽ സോഫിയ ഖുറേഷി അറിയിച്ചു. മെയ് 7, 8 തീയതികളിൽ പശ്ചിമ അതിർത്തി പ്രദേശത്തെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് പാക് ആക്രമണം നടന്നത്. പാകിസ്ഥാൻ പല തവണ വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇന്ത്യൻ സേന സ്ഥിരീകരിച്ചു.
തുർക്കി നിർമിത ഡ്രോണുകളാണ് ആക്രമണത്തിനായി പാകിസ്ഥാൻ ഉപയോഗിച്ചതെന്ന് കേണൽ സോഫിയ ഖുറേഷി വ്യക്തമാക്കി. ഉറി, പൂഞ്ച്, രജോരി, മേഖലകളിൽ ആക്രമണം നടത്തി. യാത്രാവിമാനങ്ങളുടെ മറപറ്റിയായിരുന്നു പാകിസ്ഥാന്റെ ആക്രമണം. ഇന്ത്യയുടെ തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പായിട്ടും പാകിസ്ഥാൻ സിവിൽ വ്യോമാതിർത്തി അടച്ചില്ല. ത്രാ വിമാനങ്ങളെ കവചമായി ഉപയോഗിക്കാനാണിതെന്ന് വിങ് കമാൻഡർ വ്യോമിക സിംഗ് ആരോപിച്ചു.