"ജനങ്ങള്‍ പട്ടിണികിടന്ന് മരിക്കും"; സിന്ധു ജല ഉടമ്പടി ഇന്ത്യ മരവിപ്പിച്ചതില്‍ പാക് സെനറ്റർ

പാകിസ്ഥാന്‍റെ മൊത്തം ജലവിതരണത്തിന്റെ 80 ശതമാനവും ഈ നദിയെ ആശ്രയിച്ചാണ്. അതുകൊണ്ടു തന്നെ കരാർ പ്രകാരം ലഭ്യമാകുന്ന പടിഞ്ഞാറൻ നദികളിൽ നിന്നുള്ള വെള്ളം പാകിസ്ഥാന് നിർണായകമാണ്
സയ്യിദ് അലി സഫർ
സയ്യിദ് അലി സഫർ
Published on

സിന്ധു ജലക്കരാർ മരവിപ്പിച്ച ഇന്ത്യയുടെ നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച് പാകിസ്ഥാൻ പ്രതിപക്ഷ സെനറ്റർ. ഇന്ത്യയുടെ നീക്കം 'ജല ബോംബ്' വർഷിക്കുന്നതിനു തുല്യമാണെന്ന് പാകിസ്ഥാൻ തെഹരികെ ഇൻസാഫ് സെനറ്റർ സയ്യിദ് അലി സഫർ  പ്രതിനിധി സഭയില്‍ അഭിപ്രായപ്പെട്ടു. ഈ 'ജലബോംബ്' നിർജീവമാക്കണമെന്നും  പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കിൽ  ലക്ഷക്കണക്കിന് ആളുകൾ പട്ടിണി കാരണം മരിക്കുമെന്നും പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന് സെനറ്റർ മുന്നറിയിപ്പ് നൽകി.



"ഈ ജലപ്രതിസന്ധി ഇപ്പോൾ പരിഹരിച്ചില്ലെങ്കിൽ നമ്മൾ പട്ടിണി കിടന്ന് മരിക്കാനിടയുണ്ട്. കാരണം, സിന്ധു നദീതടം നമ്മുടെ ജീവരേഖയാണ്. നമ്മുടെ വെള്ളത്തിന്റെ മൂന്നിൽ നാല് ഭാഗവും രാജ്യത്തിന് പുറത്തുനിന്നാണ് വരുന്നത്. പത്ത് പേരിൽ ഒമ്പത് പേരും അന്താരാഷ്ട്ര അതിർത്തി തടങ്ങളെ അടിസ്ഥാനമാക്കിയാണ് ജീവിതം നയിക്കുന്നത്," സയ്യിദ് അലി സഫർ അറിയിച്ചു. പാകിസ്ഥാനിലെ 90 ശതമാനം വിളകളും സിന്ധു നദീജല സംവിധാനത്തെയാണ് ആശ്രയിക്കുന്നതെന്നും രാജ്യത്തെ അണക്കെട്ടുകളും ഊ‍ർജ പദ്ധതികളും നദിയെ അടിസ്ഥാനപ്പെടുത്തിയാണെന്നും സെനറ്റർ ചൂണ്ടിക്കാട്ടി.


അതേസമയം, 'ഭീകരതയുടെ ആഗോള പ്രഭവകേന്ദ്രമായ' പാകിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ അവസാനിപ്പിക്കുന്നതുവരെ 65 വർഷം പഴക്കമുള്ള കരാർ മരവിപ്പിച്ച നടപടിയിൽ മാറ്റമുണ്ടാകില്ലെന്നാണ് ഇന്ത്യൻ പ്രതിനിധി ഐക്യരാഷ്ട്ര സഭയിൽ അറിയിച്ചത്. 'ജലം യുദ്ധോപകരണമല്ല, ജീവനാണ്' എന്ന് പറഞ്ഞുകൊണ്ട് പാകിസ്ഥാൻ പ്രതിനിധി കരാറിനെപ്പറ്റി പരാമർശിച്ചപ്പോഴായിരുന്നു പർവതനേനി ഹരീഷിന്റെ പ്രതികരണം.

1960 സെപ്റ്റംബര്‍ 19ന് ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും പാകിസ്ഥാന്‍ പ്രസിഡന്റ് അയൂബ് ഖാനും ചേർന്ന് കറാച്ചിയില്‍ വെച്ചാണ് സിന്ധു ജല ഉടമ്പടിയില്‍ ഒപ്പുവെച്ചത്. പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാനുമായി 64 വര്‍ഷത്തിലധികമായി ഏർപ്പെട്ടിരുന്ന ഈ കരാറിൽ നിന്ന് ഇന്ത്യ പിന്മാറിയത്. വര്‍ഷങ്ങളുടെ ചര്‍ച്ചകള്‍ക്ക് ശേഷം ലോകബാങ്കിന്‍റെ മധ്യസ്ഥതയിലാണ് ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. ഈ കരാർ പ്രകാരം ലഭ്യമാകുന്ന പടിഞ്ഞാറൻ നദികളിൽ നിന്നുള്ള വെള്ളം പാകിസ്ഥാന് നിർണായകമാണ്. രാജ്യത്തിന്റെ മൊത്തം ജലവിതരണത്തിന്റെ 80 ശതമാനവും ഈ നദിയെ ആശ്രയിച്ചാണ്. കരാർ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനം ചില പ്രദേശങ്ങളിലെ നദിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തി. ഇത് പാകിസ്ഥാനിലെ ചില പ്രദേശങ്ങളിലെ ജലലഭ്യതയെ ബാധിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com