പാകിസ്ഥാന് വീണ്ടും തിരിച്ചടി; ബലൂച് ലിബറേഷൻ ആർമിയുടെ ആക്രമണത്തിൽ 12 സൈനികർ കൊല്ലപ്പെട്ടു

സൈനിക വാഹനത്തിന്റെ സ്ഫോടന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പാകിസ്ഥാന് വീണ്ടും തിരിച്ചടി;  ബലൂച് ലിബറേഷൻ ആർമിയുടെ ആക്രമണത്തിൽ 12 
സൈനികർ കൊല്ലപ്പെട്ടു
Published on


ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന് വീണ്ടും തിരിച്ചടി. പാക് സൈനിക വാഹനത്തിന് നേരെ ബലൂച് ലിബറേഷൻ ആർമി നടത്തിയ ആക്രമണത്തിൽ 12 പാക് സൈനികർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ബോളാൻ, കെച്ച് മേഖലകളിലായി രണ്ട് ആക്രമണങ്ങൾ നടന്നു. സൈനിക വാഹനത്തിന്റെ സ്ഫോടന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ബോലാൻ മാച്ചിലെ ഷോർഖണ്ഡ് പ്രദേശത്തായിരുന്നു ആദ്യ ആക്രമണം. പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെ ബി‌എൽ‌എയുടെ സ്പെഷ്യൽ ടാക്റ്റിക്കൽ ഓപ്പറേഷൻസ് സ്ക്വാഡാണ് (എസ്ടിഒഎസ്) റിമോട്ട് കൺട്രോൾ ഐഇഡി ആക്രമണം നടത്തിയത്. സ്ഫോടനത്തിൽ സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡർ താരിഖ് ഇമ്രാൻ, സുബേദാർ ഉമർ ഫാറൂഖ് എന്നിവരുൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന 12 സൈനികരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സ്ഫോടനത്തിൽ സൈനിക വാഹനം പൂർണമായും തകർന്നു.

കെച്ചിലെ കുലാഗ് ടിഗ്രാൻ പ്രദേശത്ത് പാകിസ്ഥാൻ സൈന്യത്തിന്റെ ബോംബ് നിർവീര്യമാക്കൽ സ്ക്വാഡിനെ ലക്ഷ്യം വെച്ചായിരുന്നു രണ്ടാം ആക്രമണം. ബുധനാഴ്ച ഉച്ചയ്ക്ക് 2:40 ഓടെ റിമോട്ട് നിയന്ത്രിത ഐ‌ഇഡി പൊട്ടിത്തെറിച്ചു. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു.

അതേസമയം പാകിസ്ഥാനിലെ ഭീകരരുടെ താവളങ്ങൾ ഇന്ത്യ ആക്രമിച്ചതിന് മുൻപും ശേഷവുമുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. പാകിസ്ഥാനിൽ നിന്നുള്ള സാറ്റ്ലൈറ്റ് ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തകർത്തത് ഭീകരകേന്ദ്രങ്ങൾ മാത്രമാണെന്നും സമീപത്തുള്ള മറ്റ് കെട്ടിടങ്ങൾക്ക് കേടുപാടുകൾ ഇല്ലെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്.

കഴിഞ്ഞ ദിവസമായിരുന്നു ക്ലിനിക്കല്‍ കൃത്യതയോടെ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ മാത്രം ലക്ഷ്യംവെച്ചുള്ള ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂർ അരങ്ങേറിയത്. ഓപ്പറേഷനിലൂടെ ഇന്ത്യ ഒമ്പത് കേന്ദ്രങ്ങള്‍ തകർത്തു. മുസാഫറാബാദ്, കോട്ലി, ബഹവല്‍പൂര്‍, റാവലാകോട്ട്, ചക്‌സവാരി, ഭീംബര്‍, നീലം താഴ്‌വര, ഝലം, ചക്വാല്‍ എന്നിവിടങ്ങളിലായാണ് ഇന്ത്യയുടെ തിരിച്ചടിയുണ്ടായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com