
പാകിസ്ഥാന്‍ മുൻ പ്രധാനമന്ത്രിയും തെഹ്‌രീക്-ഇ-ഇന്‍സാഫ് പാർട്ടി (പിടിഎ) അധ്യക്ഷനുമായ ഇമ്രാൻ ഖാനെ ജയിൽ മോചിതനാക്കാൻ ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. നേതാവിന്‍റെ ജയില്‍ മോചനം ആവശ്യപ്പെട്ടുകൊണ്ട് പിടിഎയുടെ നേതൃത്വത്തില്‍ ഇസ്ലാമബാദിൽ ആയിരക്കണക്കിനാളുകൾ ഒത്തുചേർന്ന പ്രതിഷേധ റാലി നടന്നു. പ്രതിഷേധം ശക്തമായതോടെ പ്രക്ഷോഭകരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
ഫെബ്രുവരി എട്ടിന് നടന്ന തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് ഇമ്രാൻഖാൻ്റെ പാർട്ടിയായ പിടിഐ വലിയൊരു ശക്തി പ്രകടനം നടത്തുന്നത്. ഇമ്രാന്‍ ഖാന്‍റെ അഭാവത്തിലും അടിച്ചമർത്തല്‍ ശ്രമങ്ങള്‍ക്കിടയിലുമാണ് പിടിഎക്ക് ഇത്രയും വലിയ റാലി സംഘടിപ്പിക്കാന്‍ സാധിച്ചിരിക്കുന്നത്. ഇത് പാർട്ടിക്ക് രാജ്യത്ത് ജനപിന്തുണ ഏറിയതിന്‍റെ തെളിവായിട്ടാണ് പാശ്ചാത്ത്യ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. റാലി തടയാന്‍ ലക്ഷ്യമിട്ടു കൊണ്ട് അധികൃതർ റോഡില്‍ സ്ഥാപിച്ചിരുന്ന കണ്ടെയ്‌നറുകള്‍ മറികടന്നാണ് പ്രതിഷേധക്കാർ ഇസ്ലാമബാദില്‍ പ്രവേശിച്ചത്.
"അവർ കണ്ടെയ്‌നർ ഉപയോഗിച്ച് നഗരത്തിലേക്കുള്ള പ്രവേശനം നിരസിച്ചു. പക്ഷെ, അതിനെ വകവെയ്ക്കാതെ ആയിരങ്ങളിവിടെയെത്തി. ജനങ്ങളുടെ പ്രചോദനവും വികാരവും അവർക്ക് തടയാന്‍ സാധിക്കില്ല", പിടിഎ സെനറ്റർ എഎഫ്പിയോട് പറഞ്ഞു.
ഭരണകൂടം അനുവദിച്ച സമയം അതിക്രമിച്ചിട്ടും സമരം തുടർന്നതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചിരുന്നു. ഇതോടെ പ്രക്ഷോഭകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി സമരം അക്രമാസക്തമായി. സമരത്തിൽ പങ്കെടുത്തവർ കല്ലെറിഞ്ഞതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്ന് പൊലീസിന്‍റെ വാദം.
ALSO READ: ഇമ്രാൻ ഖാൻ: പട്ടാളം സൃഷ്ടിച്ച മിശിഹ
2022ൽ അവിശ്വാസ വോട്ടെടുപ്പിലൂടെയാണ് ഇമ്രാന്‍റെ പാർട്ടി അധികാരത്തില്‍ നിന്നും പുറത്താക്കപ്പെടുന്നത്. അതിനു ശേഷം നിരവധി ആരോപണങ്ങള്‍ ഇമ്രാന്‍ ഖാന്‍റെ പേരില്‍ വന്നു. ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിയുമായി ചേർന്നു ഉയർന്നു വന്ന അൽ ഖാദ്രി ട്രസ്റ്റ് കേസാണ് ആദ്യം. പിന്നാലെ ഔദ്യോഗിക രഹസ്യം പരസ്യമാക്കിയതിന് സൈഫർ കേസ്, തോഷാഖാനാ കേസ്, നിയമ വിരുദ്ധ വിവാഹം എന്നിങ്ങനെയുള്ള പരാതികള്‍ മുന്‍ പ്രധാനമന്ത്രിക്ക് നേരിടേണ്ടിവന്നു. പാകിസ്ഥാനിലെ പ്രമുഖ ഭൂവ്യവസായിയായ മാലിക്ക് റൈസിൽ നിന്നും ഇമ്രാൻ ഖാനും ഭാര്യയും ട്രസ്റ്റികളായ അൽ ഖാദ്രി ട്രസ്റ്റിലേക്ക് 100 ഏക്കറിലധികം ഭൂമി കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് വെളിയിൽ വന്ന വിവരങ്ങൾ. യുകെയിലെ നാഷണൽ ക്രൈം ഏജൻസി മാലിക്ക് റൈസുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണങ്ങളിലാണ് ഇത് തെളിഞ്ഞു വന്നത്. ഇതിനൊപ്പമാണ് തോഷാഖാനാ കേസ്. ക്യാബിനറ്റ് ഡിവിഷന് കീഴിൽ സർക്കാർ പ്രതിനിധികൾക്ക് ലഭിക്കുന്ന സമ്മാനങ്ങളും മറ്റും സൂക്ഷിക്കുന്ന സംവിധാനമാണ് തോഷാഖാനാ. ഇമ്രാൻ ഖാൻ തനിക്ക് കിട്ടിയ സമ്മാനങ്ങൾ വെളിപ്പെടുത്തിയില്ല എന്നും അത് അനധികൃതമായി വിറ്റുവെന്നുമാണ് കേസ്. 2023 മെയ് മാസത്തിൽ, ഈ കേസുകളിൽ കോടതിക്കു മുന്നിൽ ഹാജരായ ഇമ്രാനെ കോടതി വളപ്പിൽ നിന്നുമാണ് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യുറോ അറസ്റ്റ് ചെയ്തത്. വലിയ തോതിലുള്ള കലാപങ്ങളാണ് ഇതിനെ തുടർന്ന് പാക്കിസ്ഥാനിൽ അരങ്ങേറിയത്.
2023 ഓഗസ്റ്റിലാണ് ഇമ്രാന്‍ ഖാന്‍ ആദ്യം അറസ്റ്റിലാവുന്നത്. അധികാരത്തില്‍ വരുന്നത് തടയാനുള്ള ശ്രമമാണിതെന്നാണ് ഇമ്രാന്‍ അണികളോട് പറഞ്ഞത്. നിയമ വിരുദ്ധ വിവാഹ കേസിൽ കുറ്റമുക്തനും മറ്റ് കേസുകളിൽ ജാമ്യവും ലഭിച്ചിട്ടും ഇമ്രാൻ തടവിൽ തുടരേണ്ടി വരുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് പിടിഐ നേതാക്കളും ആരോപിച്ചു. അതേസമയം 2023 മെയ് 9 ന് നടന്ന കലാപത്തിൽ ഇമ്രാൻ ഖാൻ സൈനിക വിചാരണ നേരിടേണ്ടി വരുമെന്നതിൻ്റെ ചില സൂചനകൾ പാകിസ്താൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പങ്കുവെച്ചു. സൈനിക വിചാരണകള്‍ മുന്‍പ് നടന്നിട്ടുണ്ടെന്നും ഭാവിയിൽ അത് തുടരുമെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.