ഇന്ത്യന്‍ സൈന്യത്തിനെതിരെ ഇല്ലാക്കഥയുമായി പാക് മാധ്യമങ്ങള്‍; സമൂഹമാധ്യമങ്ങളില്‍ നിറയെ വ്യാജ വാര്‍ത്തകള്‍

പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ, ഇന്ത്യന്‍ സേനയുടെ വിവിധ വിഭാഗങ്ങളുടെ തലവന്മാര്‍ക്കെതിരെ നടപടിയെടുത്തെന്നും ചിലരെ പുറത്താക്കിയെന്നുമാണ് പ്രചാരണം
ഇന്ത്യന്‍ സൈന്യത്തിനെതിരെ ഇല്ലാക്കഥയുമായി പാക് മാധ്യമങ്ങള്‍; സമൂഹമാധ്യമങ്ങളില്‍ നിറയെ വ്യാജ വാര്‍ത്തകള്‍
Published on



ഇന്ത്യന്‍ സൈന്യത്തിനെതിരെ സംഘടിത വ്യാജ പ്രചാരണവുമായി പാകിസ്ഥാന്‍ മാധ്യമങ്ങള്‍. ചില ചാനലുകളിലും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലുമായാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ, ഇന്ത്യന്‍ സേനയുടെ വിവിധ വിഭാഗങ്ങളുടെ തലവന്മാര്‍ക്കെതിരെ നടപടിയെടുത്തെന്നും ചിലരെ പുറത്താക്കിയെന്നുമാണ് പാക് മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്.

പ്രതിരോധ ഇന്റലിജൻസ് ഏജൻസി ഡയറക്ടർ ജനറല്‍ ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. റാണയെ പുറത്താക്കിയെന്നാണ് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ട്രോള്‍ നെറ്റ്‍വര്‍ക്കുകളിലെ പ്രധാന വാര്‍ത്ത. തീര്‍ന്നില്ല, പാകിസ്ഥാനെതിരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാതിരുന്ന ജനറല്‍ റാണയെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കാലാപാനിയിലേക്ക് നാടുകടത്തി എന്നുകൂടി ഈ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍, ആൻഡമാൻ നിക്കോബാർ കമാന്‍ഡില്‍ കമാന്‍ഡര്‍ ഇന്‍ ചീഫായി ജനറല്‍ റാണയ്ക്ക് സ്ഥാനക്കയറ്റം നല്‍കിയിരുന്നു. ഇതിനെ തെറ്റായി അവതരിപ്പിച്ചാണ് പാക് മാധ്യമങ്ങള്‍ വ്യാജ പ്രചാരണം തുടരുന്നത്.

പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട വീഴ്ചകളെത്തുടര്‍ന്ന് കരസേനയുടെ വടക്കൻ കമാൻഡൻ്റ് ലഫ്റ്റനൻ്റ് ജനറൽ എം.വി. സുചിന്ദ്ര കുമാറിനെ പുറത്താക്കിയെന്നാണ് അടുത്ത പ്രചാരണം. നാല് പതിറ്റാണ്ടിന്റെ സേവനത്തിനുശേഷം ഏപ്രില്‍ 30ന് ജനറല്‍ സുചിന്ദ്ര കുമാര്‍ വിരമിച്ച വാര്‍ത്ത വളച്ചൊടിച്ചാണ് വ്യാജ വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്.

പാകിസ്ഥാനെ ആക്രമിക്കാന്‍ തയ്യാറാകാതിരുന്ന എയര്‍ സ്റ്റാഫ് വൈസ് ചീഫ് എയര്‍ മാര്‍ഷല്‍ എസ്.പി. ധന്‍കറിനെ പുറത്താക്കി എന്നതാണ് മറ്റൊരു വ്യാജവാര്‍ത്ത. എയര്‍ ഫോഴ്സില്‍ നിന്ന് വിരമിക്കല്‍ പ്രായം കഴിഞ്ഞ ധന്‍കറിന് സൂപ്പര്‍ അനുവേഷന്‍ നല്‍കിയാണ് എയര്‍ സ്റ്റാഫ് വൈസ് ചീഫായി നിയമിച്ചത്. ഏപ്രില്‍ 30ന് സൂപ്പര്‍ അനുവേഷന്‍ പൂര്‍ത്തിയാക്കി ധന്‍കര്‍ വിരമിക്കുകയായിരുന്നു.

ഇന്ത്യന്‍ സേനയുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളില്‍, തെറ്റായ വിവരങ്ങള്‍ ചേര്‍ത്ത് പ്രചരിപ്പിക്കുന്ന രീതിയാണ് പാക് മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും തുടരുന്നത്. ഇന്റലിജൻസ് ചുമതലയുള്ള മുതിർന്ന കമാൻഡർമാര്‍, മറ്റ് മുതിർന്ന ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് ഇവര്‍ പ്രത്യേകമായി ലക്ഷ്യമിടുന്നത്. ഐഎസ്‌ഐയുമായി ബന്ധമുള്ള സമൂഹമാധ്യമങ്ങളിലൂടെയാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com