
പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തണുത്ത പോളിങ്. ഇതുവരെ 70.07% പോളിങ്ങാണ് രേഖപ്പെടുത്തിയത്. 6 മണിക്ക് ശേഷവും നിരവധി ബൂത്തുകളിൽ വോട്ടർമാരുടെ ക്യൂ കാണാനാകുന്നുണ്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 75.44% പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്ടെ വോട്ടർമാരിൽ 1,39,192 പേരാണ് വോട്ടവകാശം വിനിയോഗിച്ചത്. അന്തിമ കണക്കുകൾ പുറത്തുവന്നിട്ടില്ലെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ 5.37 ശതമാനം വോട്ടിൻ്റെ കുറവാണ് 2024ലെ ഉപതെരഞ്ഞെടുപ്പിൽ കാണാനാകുന്നത്.
പാലക്കാട് പത്ത് സ്ഥാനാർഥികളാണ് ഇക്കുറി ജനവിധി തേടിയത്. ഇടതുപക്ഷ സ്ഥാനാർഥിയായ പി. സരിനും, കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും, ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറും വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മുന്‍സിപ്പാലിറ്റിയിലും മൂന്ന് പഞ്ചായത്തുകളിലും ഭേദപ്പെട്ട പോളിങ്ങാണ് രേഖപ്പെടുത്തിയത്. കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ച തെരഞ്ഞടുപ്പ് പോരിൻ്റെ അങ്കത്തട്ടിൽ ആര് വിജയക്കൊടി നാട്ടുമെന്നറിയാൻ ഇനി മൂന്ന് നാൾ കൂടി കാത്തിരിക്കണം.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർഥിയായ ഷാഫി പറമ്പിലിന് 53,080 വോട്ടുകളാണ് ലഭിച്ചത്. ആകെ പോൾ ചെയ്ത വോട്ടുകളുടെ 38.06 ശതമാനം വോട്ടുകളാണ് ഷാഫിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാർഥി ഇ. ശ്രീധരന് 49,155 (35.34%) വോട്ടുകളാണ് ആകെ ലഭിച്ചത്. മൂന്നാം സ്ഥാനത്തെത്തിയ സിപിഎം സ്ഥാനാർഥി അഡ്വ. സി.പി. പ്രമോദിന് 35,622 (25.64%) വോട്ടുകളാണ് ലഭിച്ചത്.
വെണ്ണക്കരയിൽ ബിജെപി-കോൺഗ്രസ് സംഘർഷം
അതേസമയം, വെണ്ണക്കരയിലെ 48ാം നമ്പർ പോളിങ് ബൂത്ത് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ സന്ദർശിച്ചതിനെതിരെ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത് ബൂത്തിൽ സംഘർഷാവസ്ഥയ്ക്ക് കാരണമാക്കി. തുടർന്ന് യുഡിഎഫ് സ്ഥാനാർഥിയുമായി അവർ വാക്കുതർക്കത്തിലേർപ്പെട്ടു. രാഹുൽ വോട്ടർമാരോട് വോട്ടഭ്യർഥിച്ചെന്നാണ് ബിജെപി പ്രവർത്തകരുടെ ആരോപണം.
അതേസമയം, സ്ഥാനാർഥിയെന്ന നിലയിൽ ബൂത്തുകൾ സന്ദർശിക്കുവാൻ തനിക്ക് അധികാരമുണ്ടെന്നും ബിജെപിക്ക് തോൽക്കുമെന്ന പേടിയുള്ളത് കൊണ്ടാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ ബൂത്തിന് പുറത്ത് വോട്ടർമാരുടെ നീണ്ട നിരയാണ് ഉണ്ടായിരുന്നത്.
അതേസമയം, വോട്ടെടുപ്പ് വൈകുന്നത് പരിഹരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്ന് കോൺഗ്രസ് സ്ഥാനാർഥി ആവശ്യപ്പെട്ടു. രാഹുലിനെ ബിജെപി പ്രവർത്തകർ തടയാൻ ശ്രമിച്ചതും സംഘർഷാവസ്ഥയ്ക്കും ഉന്തും തള്ളിലേക്കും നയിച്ചു. തുടർന്ന് പൊലീസെത്തി ഇരുവരെയും അനുനയിപ്പിച്ചു.
ഒരു മാസത്തിലേറെ നീണ്ട രാഷ്ട്രീയ പാർട്ടികളുടെ ആവേശപ്രചരണത്തിന് ശേഷമാണ്, മണ്ഡലത്തിലെ വോട്ടർമാർ ഇന്ന് പോളിങ് ബൂത്തുകളിലെത്തുന്നത്. ഈ നിയമസഭാ മണ്ഡലത്തിൽ സമീപകാലത്ത് കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ശക്തിപ്രകടനമായിരുന്നു ഇത്തവണ മൂന്ന് മുന്നണികളും ചേർന്ന് പാലക്കാട് നടത്തിയത്.
കല്‍പ്പാത്തി അയ്യപ്പുരം ബൂത്തിലാണ് കൃഷ്ണകുമാര്‍ വോട്ട് ചെയ്തത്. എണ്‍പത്തിയെട്ടാം ബൂത്തിലെ യന്ത്ര തകരാറിനെ തുടര്‍ന്ന് വോട്ട് ചെയ്യാനാകാതെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിനും ഭാര്യയും മടങ്ങി. തിരക്കു കുറയുന്ന അവസരത്തില്‍ വീണ്ടുമെത്തി വോട്ട് ചെയ്യുമെന്ന് ഇടതുപക്ഷ സ്ഥാനാര്‍ഥി മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം നേതാവ് എൻ എൻ കൃഷ്ണദാസ്, ഷാഫി പറമ്പിൽ എംപി, സുൽത്താൻപേട്ട രൂപതാ ബിഷപ് ഡോ. പീറ്റർ അബീർ എന്നിവരും വിവിധ പോളിങ് ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തി.
മുന്നണികളെ സംബന്ധിച്ച് അഭിമാനപോരാട്ടത്തിൻ്റെ കേന്ദ്രങ്ങളുടെ പട്ടികയിൽ വളരെ പ്രധാന്യമർഹിക്കുന്ന മണ്ഡലമാണ് പാലക്കാട്. പാലക്കാടൻ തെരഞ്ഞെടുപ്പിൻ്റെ ആവേശം ഇരട്ടിയാക്കി കൊണ്ടാണ് മണ്ഡലത്തിൽ കൊട്ടിക്കലാശം അരങ്ങേറിയത്. മൂന്ന് മുന്നണികളും അതീവ ആവേശത്തിൽ തന്നെയായാണ് തെരഞ്ഞടുപ്പിനെ അഭിമുഖീകരിക്കുന്നത്. കൊട്ടിക്കലാശത്തിൽ മൂന്ന് മുന്നണികളുടെയും പ്രവർത്തകരും നേതാക്കൻമാരും നടത്തിയ റോഡ് ഷോ സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു അവസാനിച്ചത്.
യുഡിഎഫിൻ്റെ സിറ്റിങ് സീറ്റിൽ ഇത്തവണ പോരാട്ടം കടുപ്പമാണെന്നതിൽ സംശയമില്ല.കൈ മെയ് മറന്നുള്ള പ്രചാരണമാണ് പ്രവർത്തകരും സ്ഥാനർഥിയും മണ്ഡലത്തിൽ കാഴ്ചവെച്ചത്. കൂടാതെ ഷാഫി പറമ്പിലിൻ്റെ സാന്നിധ്യവും പ്രചരണങ്ങൾക്ക് ആക്കം കൂട്ടി. ഇക്കുറിയും വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് യുഡിഎഫ് ക്യാമ്പുകൾ പ്രതീക്ഷ മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ പാലക്കാട്ടെ തെരഞ്ഞെടുപ്പ് ചിത്രം മാറ്റിയെഴുതുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി പ്രവർത്തകർ തെരഞ്ഞടുപ്പ് പോരിന് ഉള്ളത്. കഴിഞ്ഞ രണ്ടു തവണയും ഇടതുപക്ഷത്തെ പിന്നാലാക്കി കൊണ്ട് രണ്ടാം സ്ഥാനം പിടിച്ചെടുത്ത ആത്മവിശ്വാസത്തിലാണ് ബിജെപിയും തെരഞ്ഞെടുപ്പിനെ നോക്കി കാണുന്നത്.
സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ നിരന്തര വിവാദങ്ങൾ നിറഞ്ഞായിരുന്നു ഇത്തവണത്തെ പാലക്കാടൻ തെരഞ്ഞെടുപ്പ് പ്രചരണം. യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായതോടെ, കോൺഗ്രസ് മീഡിയ സെൽ തലവനായിരുന്ന ഡോ. പി.സരിൻ പാർട്ടി വിട്ട് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായ രാഷ്ട്രീയ നാടകങ്ങൾക്ക് വരെ പാലക്കാട് സാക്ഷിയായി.
സ്ഥാനാർഥിത്വത്തിൻ്റെ പേരിലുടലെടുത്ത ചേരിപ്പോര് ഇരുമുന്നണികളിലും പല തർക്കങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായി. ബിജെപിയുടെ കാര്യത്തിലും സ്ഥിതി മറിച്ചായിരുന്നില്ല. ശോഭ സുരേന്ദ്രൻ സ്ഥാനാർഥിയാവുമെന്ന വാർത്തകളെ അസാധുവാക്കിക്കൊണ്ടായിരുന്നു സി. കൃഷ്ണകുമാറിൻ്റെ അപ്രതീക്ഷിത എൻട്രി. പിന്നാലെ പാർട്ടിയിലുണ്ടായ പിണക്കങ്ങൾ, സന്ദീപ് വാര്യരെ കോൺഗ്രസിലെത്തിച്ചു. നീല ട്രോളി ബാഗ് വിവാദം, കൊടകര കുഴല്‍പ്പണക്കേസ് ഇങ്ങനെ നീളുന്നു പാലക്കാട്ടെ വിവാദങ്ങളുടെ നിര. ജനമനസിൽ എന്താണെന്നറിയാൻ ഇനി നവംബര്‍ 23 വരെ കാത്തിരിക്കാം.