ആവേശം വാനോളം; പാലക്കാട് റോഡ് ഷോയുമായി കളം നിറഞ്ഞ് മുന്നണികൾ

ഫൈനൽ ലാപ്പിൽ വോട്ടുറപ്പിക്കലിൻ്റെ ഭാഗമായാണ് ഇന്ന് മൂന്ന് മുന്നണികളും റോഡ് ഷോ നടത്തിയത്
ആവേശം വാനോളം; പാലക്കാട് റോഡ് ഷോയുമായി കളം നിറഞ്ഞ് മുന്നണികൾ
Published on


കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ പാലക്കാട് മൂന്ന് മുന്നണികളും റോഡ് ഷോ സംഘടിപ്പിച്ചു. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ റോഡ് ഷോ യാക്കരയിൽ നിന്ന് ആരംഭിച്ച് കിണാശേരിയിൽ സമാപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻഡിഎ സ്ഥാനാർഥി സി. കൃഷ്ണകുമാറിൻ്റെ ബൈക്ക് റാലി പിരായിരിയിൽ നിന്ന് ആരംഭിച്ച് മാത്തൂരിൽ സമാപിച്ചു. മൂന്ന് പഞ്ചായത്തുകളിലൂടെ കടന്നുപോയ റാലിയിൽ നൂറിലേറെ ബൈക്കുകൾ അകമ്പടിയേകി.

ഇടതു യുവജന സംഘടനകളുടെ നേതൃത്വത്തിൽ നഗരത്തിൽ നൈറ്റ് മാർച്ച് നടന്നു. സ്ഥാനാർഥി ഡോ. പി. സരിൻ ഡിവൈഎഫ്‌ഐ, എഐവൈഎഫ്, എൻവൈസി നേതാക്കൾ മാർച്ചിൽ പങ്കാളികളായി. കോട്ട മൈതാനത്ത് നിന്ന് ആരംഭിച്ച മാർച്ച് മുനിസിപ്പൽ സ്റ്റാൻ്റിന് സമീപമാണ് സമാപിച്ചത്.

ഒരു മാസത്തിലേറെ നീണ്ട പരസ്യപ്രചാരണങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കും സ്ഥാനാർഥി പ്രഖ്യാപനം മുതൽ ആരംഭിച്ച വിവാദങ്ങൾക്കും അവസാന മണിക്കൂറിലും അറുതിയില്ല. ഫൈനൽ ലാപ്പിൽ വോട്ടുറപ്പിക്കലിൻ്റെ ഭാഗമായാണ് ഇന്ന് മൂന്ന് മുന്നണികളും റോഡ് ഷോ നടത്തിയത്. നാളെ രാവിലെയും ബൂത്ത് സമ്പർക്കവും തുറന്ന വാഹനത്തിലെ പ്രചരണവുമായി സ്ഥാനാർത്ഥികൾ തിരക്കിലാണ്.

യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ റോഡ് ഷോ രണ്ടു മണിക്ക് ഒലവക്കോട് നിന്നും ആരംഭിക്കും. പേഴുംകര, മേഴ്സി കോളേജ്, തിരുനെല്ലായി, കെഎസ്ആർടിസി, ഐഎംഎ, നിരഞ്ജൻ റോഡ് എന്നിവടങ്ങളിലൂടെ സഞ്ചരിച്ച് സ്റ്റേഡിയം റോഡിൽ സമാപിക്കും. എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ്റെ റോഡ് ഷോ നാലുമണിക്ക് ഇൻഡോർ സ്റ്റേഡിയം പരിസരത്തു നിന്നും ആരംഭിച്ച് നഗരം ചുറ്റി ബസ് സ്റ്റാൻ്റിൽ സമാപിക്കും.

സി. കൃഷ്ണകുമാറിൻ്റെ പ്രചരണ പരിപാടി 2 മണിക്ക് മേലാമുറി മാർക്കറ്റിൽ നിന്നും ആരംഭിച്ച് ബിജെപി ശക്തികേന്ദ്രങ്ങളിലൂടെ കടന്നുപോയി ബസ്റ്റാൻ്റിന് സമീപത്തെ കൽമണ്ഡപം റോഡിൽ സമാപിക്കും. മുതിർന്ന നേതാക്കളെ എത്തിച്ച് കൊട്ടിക്കലാശം ശക്തിപ്രകടനമാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com