പാലക്കാട് ഉപതെരഞ്ഞെടുപ്പ്: വ്യാജ വോട്ട് ആരോപണങ്ങള്‍ ഉന്നയിച്ചും നിഷേധിച്ചും മുന്നണികള്‍

കോൺഗ്രസ് വ്യാപകമായി വ്യാജ വോട്ട് ചേർത്തെന്ന് വോട്ടർ പട്ടിക നിരത്തിയാണ് സിപിഎം ആരോപിക്കുന്നത്
പാലക്കാട് ഉപതെരഞ്ഞെടുപ്പ്: വ്യാജ വോട്ട് ആരോപണങ്ങള്‍ ഉന്നയിച്ചും നിഷേധിച്ചും മുന്നണികള്‍
Published on

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ വ്യാജവോട്ട് ആരോപണത്തിന് മൂർച്ച കൂട്ടി മുന്നണികള്‍. കോൺഗ്രസ് വ്യാപകമായി വ്യാജ വോട്ട് ചേർത്തെന്ന് വോട്ടർ പട്ടിക നിരത്തിയാണ് സിപിഎം ആരോപിക്കുന്നത്. എന്നാല്‍, എൽഡിഎഫ് സ്ഥാനാർഥി പി.സരിനും ഭാര്യയുമടക്കം വ്യാജവോട്ട് ചേർത്തെന്നാണ് കോൺഗ്രസിൻ്റെ പ്രതിരോധം. പരിധിക്കപ്പുറം ആക്ഷേപം തുടർന്നാൽ കോൺഗ്രസിലെ പലരുടെയും തലകൾ ഉരുളുന്ന രേഖകൾ പുറത്തുവിടുമെന്നായിരുന്നു ആരോപണങ്ങളോടുള്ള സരിൻ്റെ മറുപടി.

മണ്ഡലത്തിന് പുറത്തെ വോട്ടുകളടക്കം വ്യാപകമായി പാലക്കാട്ടെ വോട്ടർ പട്ടികയില്‍ ഉൾപ്പെടുത്തിയെന്നാണ് കോൺഗ്രസിനെതിരായ സിപിഎമ്മിൻ്റെ ആരോപണം. ഇതിന് അടിസ്ഥാനമായി വോട്ടർപട്ടികയിലെ ഇരട്ടിപ്പ് അടക്കമുള്ള വിശദാംശങ്ങളും സിപിഎം നിരത്തുന്നു. എന്നാൽ, തിരുവില്വാമലക്കാരനായ സ്ഥാനാർഥി പി. സരിനും ഭാര്യ സൗമ്യയും എങ്ങനെ പാലക്കാട്ടെ വോട്ടർമാരായെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ചോദ്യം.

വി.ഡി.സതീശൻ ആരോപണമുന്നയിച്ച് മിനിറ്റുകൾക്കകം പി. സരിൻ വാർത്താസമ്മേളനത്തിൽ മറുപടി നല്‍കി. ആക്ഷേപം തുടർന്നാൽ കോൺഗ്രസിലെ പലരുടെയും തലകൾ ഉരുളുന്ന രേഖകൾ പുറത്തുവിടുമെന്നായിരുന്നു സരിന്‍റെ മറുപടി. ആർഎസ്എസുമായി ആരൊക്കെ ചർച്ച നടത്തിയെന്ന തെളിവുകൾ പുറത്തുവിടുമെന്നും പി. സരിന്‍ കൂട്ടിച്ചേർത്തു.

Also Read: ഞാന്‍ എഴുതിയതല്ല പുറത്തുവന്നത്, ആത്മകഥ പ്രസിദ്ധീകരിക്കാനുള്ള അധികാരം എനിക്ക്: ഇ.പി. ജയരാജന്‍

പാലക്കാട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നുവെന്ന് വി.കെ. ശ്രീകണ്ഠൻ എംപിയും ആരോപിച്ചു. ബിജെപി ജില്ലാ പ്രസിഡന്‍റ് കെ.എം ഹരിദാസിനും ബിജെപി സംസ്ഥാന ഭാരവാഹി രഘുനാഥിനും രണ്ട് വോട്ടുണ്ടെന്നാണ് എംപിയുടെ ആരോപണം. പി സരിന്‍റെ വോട്ട് പാലക്കാട് ചേർത്തത് മൂന്ന് മാസത്തിനിടെയാണ്. ആറുമാസം താമസിക്കാതെ എങ്ങനെ മണ്ഡലത്തിൽ വോട്ട് ചേർക്കുമെന്നും വി.കെ. ശ്രീകണ്ഠൻ എംപി ചോദിച്ചു.

എന്നാല്‍, പാലക്കാട്ടെ ഇരട്ടവോട്ട് ആരോപണങ്ങള്‍ ബിജെപി ജില്ലാ പ്രസിഡൻ്റ് കെ.എ. ഹരിദാസ് നിഷേധിച്ചു. ബിജെപി ഓഫീസിന്‍റെ മേല്‍വിലാസത്തിലാണ് പാലക്കാട് വോട്ട് ചേർത്തത് . മറ്റൊരു സ്ഥലത്ത് വോട്ട് ചേർത്താൽ നേരത്തെ ഉള്ളത് അസാധുവാക്കേണ്ടത് ഇലക്ഷൻ കമ്മീഷനാണെന്നും ഹരിദാസ് പറഞ്ഞു. രണ്ട് സ്ഥലത്ത് വോട്ടു ചെയ്താൽ മാത്രമാണ് കുറ്റം. രഘുനാഥിൻ്റെ വോട്ട് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും ബാലിശമായ ആരോപണങ്ങൾക്ക് കൂടുതൽ മറുപടി പറയാനില്ലെന്നും ഹരിദാസ് ന്യൂസ് മലയാളത്തോട് പറഞ്ഞു. ഇരട്ടവോട്ടുണ്ടെങ്കിൽ വെട്ടേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നാണ് ബിജെപിയുടെ നിലപാടെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും വ്യക്തമാക്കി.


കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 3859 വോട്ടിനാണ് ഷാഫി പറമ്പിൽ പാലക്കാട് മണ്ഡലത്തില്‍ വിജയിച്ചത്. അതുകൊണ്ട് തന്നെ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ അവസാന ലാപ്പിൽ വോട്ടർ പട്ടികയിലെ ഓരോ വോട്ടും മുന്നണികളുടെ സൂക്ഷ്മ നിരീക്ഷണത്തിനു വിധേയമാകുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com