
വ്യാജവോട്ടർമാരെ വോട്ടർപട്ടികയിൽ ചേർത്തിട്ടുണ്ടെന്ന ആരോപണവുമായി പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു. പാലക്കാട് മണ്ഡലം നിലനിർത്താനായി മരിച്ചുപോയ ആളുകളുടെ പേരിൽ ഐഡി കാർഡ് ഉണ്ടാക്കി വോട്ട് ചെയ്താൽ അത്ഭുതപ്പെടാനില്ലെന്നും സുരേഷ് ബാബു പറഞ്ഞു. അതിനുള്ള പരിശ്രമം ആണ് യുഡിഎഫും ബിജെപിയും നടത്തുന്നതെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.
പാലക്കാട് ബിജെപി വിജയിക്കാതിരിക്കാൻ യുഡിഎഫിന് വോട്ട് നൽകണമെന്നാണ് കോൺഗ്രസിൻ്റെ പ്രചരണം. അതു തന്നെയാണ് പ്രതിപക്ഷ നേതാവും ഷാഫി പറമ്പിൽ എംപിയും ഇന്നലെ പറഞ്ഞത്. എന്നാൽ മണ്ഡലത്തിൽ യുഡിഎഫിന് മത്സരം എൽഡിഎഫുമായി എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. മുരളീധരനും ഇതു തന്നെ ആവർത്തിച്ചു. പക്ഷെ, വി.ഡി. സതീശനും ഷാഫിയും മറിച്ചാണ് പറയുന്നത്. കോൺഗ്രസിൽ തന്നെ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായമുണ്ടെന്നും ഇ.എന്‍.സുരേഷ് ബാബു പറഞ്ഞു.
ബിജെപി ജയിക്കാതിരിക്കാൻ യുഡിഎഫിന് വോട്ട് നൽകണം എന്നാണ് ഇവർ പറയുന്നതെങ്കിൽ എന്തിനാണ് മണ്ഡലത്തിൽ നിന്നും ഒഴിഞ്ഞ് ഷാഫി വടകരയിലേക്ക് പോയതെന്നും സിപിഎം ജില്ലാ സെക്രട്ടറി ചോദിച്ചു. മണ്ഡലത്തിൽ ബിജെപിയെ ജയിപ്പിക്കാനുള്ള ഗൂഢാലോചനയാണിതെന്ന് ആദ്യം തന്നെ സിപിഎം പറഞ്ഞിരുന്നു. വടകരയിൽ നിന്ന് മുരളീധരനെ മാറ്റി തൃശൂരിൽ കൊണ്ട് വന്ന് തോല്പിച്ചതും ഇതേ ഗൂഢാലോചനയുടെ ഭാഗമാണ്. ബിജെപിയും കോൺഗ്രസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവുകൾ വേറെയും ഉണ്ടെന്നും ഇ.എൻ. സുരേഷ് ബാബു പറഞ്ഞു.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൃഷ്ണകുമാറിനെതിരായി മത്സരിച്ച യുഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ച വോട്ട് 35,333. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠന് 47,743 വോട്ട് ലഭിച്ചു. 35 ൽ നിന്നും 47 ലേക്കാണ് കോൺഗ്രസിന്റെ മാർജിൻ വർധിച്ചത്. 2021 ൽ യുഡിഎഫ് സ്ഥാനാർഥി വീണ്ടും 35,440 ലേക്ക് പോകുന്നു. അന്നും ബിജെപിയുടെ സ്ഥാനാർഥി കൃഷ്ണകുമാർ ആയിരുന്നു. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത് 49,295 വോട്ടുകൾ ആണ്. 20 ,000 വോട്ടിന്റെ അട്ടിമറിയാണ് നടന്നത്. കൃഷ്ണകുമാറിന് വേണ്ടി ഈ ദൗത്യം ഏറ്റെടുത്തത് ഷാഫിയാണെന്നും സുരേഷ് ബാബു ആരോപിച്ചു. ഷാഫി മത്സരിച്ച മൂന്ന് തവണയും എന്തുകൊണ്ടാണ് മണ്ഡലത്തിലെ സ്ഥിരതാമസക്കാരനായ കൃഷ്ണകുമാർ മത്സരിക്കാതിരുന്നതെന്നും ഇ.എന്‍.സുരേഷ് ബാബു ചോദിച്ചു.
പണം ഒഴുക്കിയാണെങ്കിലും സീറ്റ് പിടിക്കും എന്നതിന്റെ തെളിവാണ് ഏറ്റവും ഒടുവിൽ കെപിഎം ഹോട്ടലിലേക്ക് വന്നിട്ടുള്ള കള്ളപ്പണത്തിന്റെ ഒഴുക്ക്. അതിന്റെ ഒരു പങ്ക് ചേലക്കരയിലും എത്തിയിട്ടുണ്ട്. ഈ കാര്യങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തി പൊലീസ് സത്യം തെളിയിക്കണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. പി.വി.അൻവറിനെതിരെയും അദ്ദേഹം പരാമർശം നടത്തി. കുറേനാൾ ഇല്ലാത്തതു കൊണ്ട് ഒരു ശബ്ദം ഉണ്ടാക്കിയതാണ് അൻവർ. അത് കാര്യമാക്കേണ്ടെന്നും ഇ.എന്‍.സുരേഷ് ബാബു പരിഹസിച്ചു.