
പാലക്കാട് കഞ്ചിക്കോട് ബ്രൂവറിക്ക് അനുമതി നല്‍കികൊണ്ടുള്ള ഉത്തരവിറക്കി. ഒയാസിസ് കമ്പനിക്ക് പ്രാരംഭ അനുമതി നല്‍കികൊണ്ടാണ് ഉത്തരവ്. നാല് ഘട്ടമായാണ് പദ്ധതി നടപ്പാക്കുകയെന്നും ഒന്നാം ഘട്ടത്തില്‍ ബോട്ട്‌ലിംഗ് യൂണിറ്റ്, രണ്ടാം ഘട്ടമായി എഥനോള്‍ നിര്‍മാണം, മൂന്നാം ഘട്ടമായി പ്ലാന്റ്, നാലാം ഘട്ടമായി ബ്രൂവറി എന്നിങ്ങനെയാണ് പദ്ധതി നടപ്പാക്കുകയെന്നും ഉത്തരവിൽ പറയുന്നു.
ജലം നല്‍കുന്നതിന് വാട്ടര്‍ അതോരിറ്റിയുടെ അനുമതിയുണ്ടാകുമെന്നും എക്‌സൈസ് വകുപ്പ് പറയുന്നു. 600 കോടി മുതല്‍മുടക്കുള്ള പദ്ധതിയാണിത്. റെയിന്‍ ഹാര്‍വെസ്റ്റിംഗ് പദ്ധതിയും കമ്പനി സമര്‍പ്പിച്ചിട്ടുണ്ട്. അതിനാല്‍ പദ്ധതിയില്‍ ജലചൂഷണം ഉണ്ടാകില്ലെന്ന് എക്‌സൈസ് കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നല്‍കിയത്.
അസംസ്‌കൃത വസ്തുവായി കാര്‍ഷിക വിളകളും ഉപയോഗിക്കുന്നതിനാല്‍ കാര്‍ഷിക മേഖലയ്ക്ക് സഹായകരമാണെന്നാണ് സര്‍ക്കാര്‍ അവകാശവാദം. അതേസമയം ഒയാസിസ് കമ്പനിക്ക് അനുമതി നല്‍കിയതില്‍ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചിരുന്നു. ഡൽഹി മദ്യനയക്കേസിൽ അടക്കം ഉൾപ്പെട്ടവരാണെന്നും അങ്ങനെ ഒരു കമ്പനിക്ക് എങ്ങനെയാണ് സർക്കാരിന് അനുമതി നൽകാൻ സാധിക്കുകയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചിരുന്നു.