"രാജ്യത്ത് ഇപ്പോൾ ജാതി വിവേചനവും അടിമത്വവും ഇല്ല, വേടനെതിരായ പരാതി വേട്ടയാടലിന്റെ ഭാഗമല്ല"; പാലക്കാട് നഗരസഭ കൗൺസിലർ

ഇന്ത്യയല്ലാതെ മറ്റൊരു രാജ്യത്തായിരുന്നെങ്കിൽ വേടൻ എന്നേ ജയിലിലായേനെയെന്നും ബിജെപി കൗൺസിലർ മിനി കൃഷ്ണകുമാർ പറഞ്ഞു
"രാജ്യത്ത് ഇപ്പോൾ ജാതി വിവേചനവും അടിമത്വവും ഇല്ല, വേടനെതിരായ പരാതി വേട്ടയാടലിന്റെ ഭാഗമല്ല"; പാലക്കാട് നഗരസഭ കൗൺസിലർ
Published on

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്നു കാണിച്ച് എൻഐഎയ്ക്ക് പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി പാലക്കാട് നഗരസഭ കൗൺസിലർ മിനി കൃഷ്ണകുമാർ. വേട്ടയാടലിന്റെ ഭാഗമായല്ല പരാതി നൽകിയതെന്നും വേടൻ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നെന്നും മിനി കൃഷ്ണകുമാർ പറയുന്നു. രാജ്യത്ത് ഇപ്പോൾ ജാതി വിവേചനമില്ലെന്ന വാദവും മിനി ഉയർത്തി.


ഇന്ത്യയല്ലാതെ മറ്റൊരു രാജ്യത്തായിരുന്നെങ്കിൽ വേടൻ എന്നേ ജയിലിലായേനെ എന്നായിരുന്നു ബിജെപി കൗൺസിലറിൻ്റെ പ്രസ്താവന. അടിമത്വo എന്നേ സമൂഹത്തിൽ അവസാനിച്ചതാണെന്നും രാജ്യത്ത് ഇപ്പോൾ ജാതി വിവേചനം ഇല്ലെന്നും മിനി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചെന്നായിരുന്നു മിനി കൃഷ്ണകുമാറിൻ്റെ പരാതി. പാട്ടിനിടെ 'മോദി കപടദേശീയ വാദിയെ'ന്ന് പറഞ്ഞതിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് കൗൺസിലറുടെ ആവശ്യം.

രാജ്യത്തിന്റെ ഐക്യത്തിന് എതിരാണെന്നും ജാതി വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നുമാണ് മിനി എൻഐഎയ്ക്ക് നൽകിയ പരാതിയിൽ പറയുന്നത്. വേടൻ്റെ 'വോയിസ് ഓഫ് വോയിസ് ലെസ്' എന്ന ആൽബത്തിൻ്റെ വരികൾ പരാമർശിച്ചാണ് പരാതി. സ്റ്റേജ് പരിപാടിക്കിടെ വേടൻ വരികൾക്കിടയിൽ 'മോദി' എന്ന് പറഞ്ഞിരുന്നു. ഇത് പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലാണെന്ന് നഗരസഭ കൗൺസിലർ നൽകിയ പരാതിയിൽ പറയുന്നു.


മിനി നൽകിയ പരാതിയിൽ വേടൻ്റെ അമ്മ ശ്രീലങ്കക്കാരിയാണെന്ന കാര്യവും പ്രത്യേകം പരാമർശിക്കുന്നുണ്ട്. വേടൻ്റെ വരികളിൽ ഹിന്ദു വിഭാഗത്തിലെ ജാതികളെ കുറിച്ച് വിദ്വേഷപരമായി പരാമർശിക്കുന്നു. പൊതുവ്യക്തികളെ അപകീർത്തിപ്പെടുത്തൽ, ജാതി-മതം-ഭാഷ-പ്രദേശം എന്നിവ വെച്ച് വിദ്വേഷം പ്രചരിപ്പിക്കൽ, ജാതി വിവേചനം പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി വേടനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് മിനി പരാതിയിലൂടെ ആവശ്യപ്പെടുന്നത്.

ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയുടെ വേടനെതിരായ പ്രസ്താവന വിവാദമാകുന്നതിനിടെയാണ് ബിജെപി കൗൺസിലർ രംഗത്തെത്തിയിരിക്കുന്നത്. റാപ്പ് സംഗീതത്തിന് പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗവുമായി പുലബന്ധമില്ലെന്നായിരുന്നു ശശികലയുടെ പ്രസ്താവന. ഇത്തരക്കാര്‍ പറയുന്നതേ കേള്‍ക്കു എന്ന ഭരണകൂടത്തിന്റെ രീതി മാറ്റണം. വേടന് മുമ്പില്‍ ആടിക്കളിക്കട കുഞ്ഞുരാമ എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായി. ഭരണകൂടത്തിന് മുമ്പില്‍ അപേക്ഷിക്കുകയല്ല ആജ്ഞാപിക്കുകയാണെന്നുമായായിരുന്നു ഹിന്ദു ഐക്യവേദി നേതാവിന്റെ പരാമര്‍ശങ്ങള്‍.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com