
പലസ്തീൻ അനുകൂല പോസ്റ്ററുകൾ കീറിയതുമായി ബന്ധപ്പെട്ട് വിദേശ വനിതക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്നാരോപിച്ച് ജൂത വംശജയായ ഓസ്ട്രേലിയൻ വനിത സാറ ഷെലൻസിക്കെതിരെ മട്ടാഞ്ചേരി മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് റദ്ദാക്കിയത്.
അനുമതിയില്ലാതെയാണ് പോസ്റ്റർ സ്ഥാപിച്ചിരുന്നതെന്നും പോസ്റ്റർ കീറിയത് കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്ന് പൊലീസിന്റെ അന്തിമ റിപ്പോർട്ടിൽ പറയുന്നില്ലെന്നും വിലയിരുത്തിയാണ് ഉത്തരവ്. പോസ്റ്ററിൽ ഏത് സംഘടനയുടേതെന്ന പേരുണ്ടായിരുന്നില്ലെന്നും പരാതിക്കാരന് നോട്ടീസ് അയച്ചിട്ടും ഹാജരായില്ലെന്നും കോടതി വ്യക്തമാക്കി.
ഏപ്രിൽ പതിനഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ്റെ പ്രവർത്തകരാണ് പലസ്തീൻ അനുകൂല പോസ്റ്ററുകൾ പതിച്ചിരുന്നത്.