
പനമരം പഞ്ചായത്ത് അംഗം ബെന്നി ചെറിയാനെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി ഷിഹാബ് അറസ്റ്റിൽ. ഗൂഡല്ലൂരിൽ ഒളിവിൽ കഴിയവെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. കേസിൽ ഇതുവരെ സിപിഎം പ്രവർത്തകരായ നാലു പ്രതികളാണ് പിടിയിലായത്. ഷിഹാബ്, അക്ഷയ്, ഇർഷാദ്, സനൽ, എന്നിങ്ങനെ കണ്ടാൽ അറിയാവുന്ന മൂന്ന് പേർ എന്നിവർക്കെതിരെയാണ് കേസ്. വധശ്രമത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
പനമരം പഞ്ചായത്തില്‍ നടന്ന ആവിശ്വാസ വോട്ടെടുപ്പിൽ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതിനെ തുടർന്നാണ് ബെന്നി ചെറിയാനെ ആക്രമിച്ചതെന്നാണ് നിഗമനം. സിപിഎം ഏരിയ കമ്മിറ്റി അംഗം ഷിജുവിനും അമ്മയ്ക്കും എതിരെ ബെന്നി സോഷ്യൽ മീഡിയയിൽ അശ്ലീല പോസ്റ്റ് ഇട്ടുവെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന കമ്മറ്റിയംഗം പി. ഗഗാറിൻ, ബെന്നിക്ക് പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ 16ന് പനമരത്ത് നടന്ന സിപിഎം പ്രതിഷേധയോഗത്തിലായിരുന്നു സംസ്ഥാന കമ്മറ്റിയംഗത്തിന്റെ പ്രസംഗം.
നിലവിൽ ബെന്നി ചെറിയാന്റെ പിന്തുണയിലാണ് പനമരം പഞ്ചായത്ത് യുഡിഎഫ് ഭരിക്കുന്നത്. ജനുവരി ആറിന് നടന്ന അവിശ്വാസ പ്രമേയത്തിൽ ജെഡിഎസ് അംഗമായിരുന്ന ബെന്നി ചെറിയാൻ തൃണമൂൽ കോൺഗ്രസിൽ ചേർന്ന് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. 23 അംഗഭരണസമിതിയിൽ 11 സീറ്റ് എൽഡിഎഫിനും, 11 സീറ്റ് യുഡിഎഫിനുമായിരുന്നു.
ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ചു വിജയിച്ച പതിന്നൊന്നാം വാർഡ് അംഗം ബെന്നി ചെറിയാൻ പഞ്ചായത്തിലെ ചില കെടുകാര്യസ്ഥതകളും നിയമന അഴിമതിക്കുമെതിരെ ആരോപണങ്ങളുമായി രംഗത്തു വന്നതോടെയാണ് അസ്വാരസ്യങ്ങൾ തുടങ്ങുന്നത്. ബെന്നി ചെറിയാൻ ഉയർത്തിയ വിഷയങ്ങൾ പഞ്ചായത്ത് ചർച്ച ചെയ്യാൻ പോലും മിനക്കെട്ടില്ല. തുടർന്ന് ബെന്നി ചെറിയാൻ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് പഞ്ചായത്തിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ഒടുവിൽ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെയാണ് യുഡിഎഫ്, എൽഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്.